ബ്രിട്ടന് ആശ്വസിക്കാം, പ്രധാനമന്ത്രി ആശുപത്രി വിട്ടു; ഔദ്യോഗിക പരിപാടികളിലേക്ക് ബോറിസ് ഉടനുണ്ടാവില്ല
COVID-19
ബ്രിട്ടന് ആശ്വസിക്കാം, പ്രധാനമന്ത്രി ആശുപത്രി വിട്ടു; ഔദ്യോഗിക പരിപാടികളിലേക്ക് ബോറിസ് ഉടനുണ്ടാവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th April 2020, 7:08 pm

ലണ്ടന്‍: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. അതേസമയം, ഡിസ്ചാര്‍ജ്ജ് ആയെങ്കിലും രോഗം പൂര്‍ണമായും ഭേദമാകുന്നത് വരെ ബോറിസ് ജോണ്‍സണ്‍ വിശ്രമത്തിലായിരിക്കുമെന്ന് ഡൊണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ബോറിസ് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം മാനിച്ച് ബോറിസ് പെട്ടന്ന് ഔദ്യോഗിക ജോലിളിലേക്ക് പ്രവേശിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ തന്നെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചാണ് ബോറിസ് ആശുപത്രി വിട്ടത്.

തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ബോറിസ് ജോണ്‍സണെ കഴിഞ്ഞ ദിവസം വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്.

തുടര്‍ച്ചയായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 55 കാരനായ ബോറിസ് ജോണ്‍സനെ ഞായറാഴ്ചയാണ് സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷമാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

മാര്‍ച്ച് 27 നാണ് ബോറിസ് ജോണ്‍സണ്‍ തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഇതിനു ശേഷം ഡൗണിംഗ് സ്ട്രീറ്റിലെ ഫ്ളാറ്റില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ