ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കില്ല
World News
ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2021, 5:40 pm

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കെത്തില്ല. രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

ഇതോടെയാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായാണ് ബോറിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് വരാന്‍ പറ്റില്ലെന്ന കാര്യം ഫോണില്‍ വിളിച്ച് ബോറിസ് അറിയിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

അതിതീവ്ര കൊറോണ വൈറസ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രിട്ടണില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഒന്നരമാസത്തേക്കാണ് അടച്ചിടുന്നത്. ഫെബ്രുവരി പകുതിവരെയാണ് ലോക് ഡൗണ്‍. സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത് മൂന്നാംതവണയാണ് ബ്രിട്ടണില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയാണ് രാജ്യത്ത്. മരണ സംഖ്യയും ഉയര്‍ന്നുതന്നെയാണ്.

ഇന്ത്യയും യു.കെയും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ കൂടിയാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തുന്നത്.

യു.കെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് കൊവിഡിന്റെ ജനിതകമാറ്റം വന്ന വൈറസ് ഇതിനോടകം 30 ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. 70 ശതമാനം വരെ വേഗത്തില്‍ പടരാന്‍ കഴിവുള്ളതാണ് വൈറസ് എന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ലോകം. നിരവധി രാജ്യങ്ങള്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Boris Johnson cancels India visit