| Saturday, 10th December 2022, 10:37 am

അമിത് ഷാ വന്നാലും മാറ്റമില്ല, ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രക്ക് വിട്ടുകൊടുക്കില്ല: ബസവരാജ് ബൊമ്മൈ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയുടെ ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രക്ക് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഈ വിഷയം ബി.ജെ.പി ദേശീയ നേതൃത്വവുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായുമായി കൂടിക്കാഴ്ചക്ക് നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും, അമിത് ഷായുമായി ചര്‍ച്ച നടത്തിയതുകൊണ്ട് ഒരു മാറ്റവും സംഭവിക്കില്ലെന്നും, വിഷയത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ബൊമ്മൈ പറഞ്ഞു.

കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 14ന് ചര്‍ച്ച നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ബൊമ്മൈയുടെ പ്രതികരണം.

‘വിഷയത്തില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയോട് ഇതിനകം സംസാരിച്ചു കഴിഞ്ഞു. കര്‍ണാടകയുടെ ഒരു തുണ്ട് ഭൂമിപോലും അയല്‍ സംസ്ഥാനത്ത് കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കില്ല. ഈ വിഷയത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും സന്നദ്ധമല്ല,’ ബൊമ്മൈ പറഞ്ഞു.

അതിര്‍ത്തിത്തര്‍ക്ക വിവാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ബെളഗാവി ജില്ലയിലെ മറാത്തി ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മഹാ വികാസ് അഘാടി പ്രതിനിധി സംഘവും അമിത് ഷായെ കണ്ട് പ്രശ്‌ന പരിഹാരത്തിനായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

ജെ.പി. നദ്ദ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ വിളിച്ച് വിഷയത്തില്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, മഹാരാഷ്ട്രയില്‍ താമസിക്കുന്ന കന്നഡിഗരുടെ ജീവനും സ്വത്തും സംരക്ഷിക്കാനായുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. മഹാരാഷ്ട്ര ഡി.ജി.പി, ചീഫ് സെക്രട്ടറി എന്നിവരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. സംഘര്‍ഷത്തില്‍ സംസ്ഥാനാന്തര ബസ് സര്‍വീസുകളും തടസ്സപ്പെട്ടിരുന്നു. സര്‍ക്കാര്‍ ബസുകള്‍ക്കുനേരെ കല്ലേറടക്കം ഉണ്ടായിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ മഹാരാഷ്ട്ര ആര്‍.ടി.സി ബസ് സര്‍വീസുകള്‍ പുനരാംഭിച്ചിട്ടുണ്ട്.

ബസവരാജ് ബൊമ്മൈ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലിന്റെയും ശംഭുരാജ് ദേശായിയുടെയും ബെളഗാവി സന്ദര്‍ശനവും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

1960ല്‍ മഹാരാഷ്ട്ര സംസ്ഥാനം സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ്. ഇത് തങ്ങളുടെ അധീനതയില്‍ ആക്കണമെന്നതാണ് മഹാരാഷ്ട്രയുടെ വാദം.

1956ലെ സംസ്ഥാന അംഗീകാര നിയമം നടപ്പാക്കിയതിനുശേഷം കര്‍ണാടകയുമായുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും നാലംഗ സമിതി രൂപവത്കരക്കുകയായിരുന്നു.

തങ്ങളുടെ അധീനതയിലുള്ള കന്നഡ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും അന്ന് മഹാരാഷ്ട്ര പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ ഇരു സംസ്ഥാനങ്ങളും തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Border row: Maharashtra delegation meeting Amit Shah won’t make any difference, says Karnataka CM

We use cookies to give you the best possible experience. Learn more