| Saturday, 23rd November 2024, 5:56 pm

തീയുണ്ടകള്‍ക്ക് വേഗത പോരല്ലോ അണ്ണാ... മിച്ചല്‍ സ്റ്റാര്‍ക് കരിയറില്‍ മറക്കാത്ത മറുപടിയുമായി ജെയ്‌സ്വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ആതിഥേയര്‍ക്ക് മേല്‍ അപ്പര്‍ഹാന്‍ഡുമായി ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്. നിലവില്‍ 218 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ക്കുള്ളത്.

193 പന്തില്‍ 90 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 153 പന്തില്‍ 62 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

മത്സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്യുന്ന യശസ്വി ജെയ്‌സ്വാളാണ് ചര്‍ച്ചാ വിഷയം.

താങ്കളുടെ പന്തിന് വേഗത പോരാ എന്നായിരുന്നു ജെയ്‌സ്വാള്‍ സ്റ്റാര്‍ക്കിനോട് പറഞ്ഞത്.

രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ സഹതാരത്തിനെ ചൊറിഞ്ഞ സ്റ്റാര്‍ക്കിനുള്ള മറുപടിയാണ് ജെയ്‌സ്വാള്‍ നല്‍കിയത് എന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിടെ സ്റ്റാര്‍ക് ഇന്ത്യന്‍ താരം ഹര്‍ഷിത് റാണക്കെതിരെ വാക്കുകള്‍ കൊണ്ടുള്ള യുദ്ധം ആരംഭിച്ചിരുന്നു.

‘നിന്നെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ എനിക്ക് അറിയാം. എല്ലാം നല്ല ഓര്‍മയുണ്ട്, ഇത് ഞാന്‍ ഓര്‍ത്തുവെക്കും,’ എന്നാണ് ഓസ്‌ട്രേലിയന്‍ സ്പീഡ്സ്റ്റര്‍ ഇന്ത്യയുടെ അരങ്ങേറ്റ താരത്തിനോട് പറഞ്ഞത്. ഇതിനുള്ള മറുപടിയാണ് ജെയ്‌സ്വാള്‍ നല്‍കിയതെന്നാണ് ആരാധകര്‍ പറയുന്നത്.

ബാറ്റിങ്ങിനിടെ മാര്‍നസ് ലബുഷാനൊപ്പവും ജെയ്‌സ്വാള്‍ രസകരമായ ചില നിമിഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഫീല്‍ഡറായ ലബുഷാന്റെ കയ്യില്‍ പന്ത് കിട്ടിയിതിന് പിന്നാലെ ജെയ്‌സ്വാള്‍ ക്രീസിന് തൊട്ടുമുമ്പില്‍ ഒരേ നില്‍പ്പ് നിന്നു. ലബുഷാന്‍ ത്രോ ചെയ്യാന്‍ ആംഗ്യം കാണിക്കുമ്പോള്‍ ക്രീസില്‍ കയറുന്നതായി ജെയ്‌സ്വാളും ആംഗ്യം കാണിച്ചിരുന്നു. രണ്ട് മൂന്ന് തവണ ഇതാവര്‍ത്തിച്ച ശേഷം പുഞ്ചിരിയോടെയാണ് ഇരുവരും പിരിഞ്ഞത്.

ഐ.പി.എല്ലിലെ ഡേവിഡ് വാര്‍ണര്‍ – രവീന്ദ്ര ജഡേജ സംഭവത്തോടാണ് ആരാധകര്‍ ഇത് ചേര്‍ത്തുവെക്കുന്നത്.

അതേസമയം, മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും ജെയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍ നേടുന്ന താരം എന്ന തകര്‍പ്പന്‍ നേട്ടമാണ് ജെയ്‌സ്വാള്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.

100 മീറ്ററലിധികം നീളത്തില്‍ ഒരു പടുകൂറ്റന്‍ സിക്‌സറടിച്ചാണ് ജെയ്‌സ്വാള്‍ ഈ റെക്കോഡിലേക്ക് നടന്നുകയറിയത്. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ബ്രെണ്ടന്‍ മക്കെല്ലത്തെ മറികടന്നുകൊണ്ടായിരുന്നു ജെയ്‌സ്വാളിന്റെ റെക്കോഡ് നേട്ടം.

Content Highlight: Border Gavaskar Trophy: Yashaswi Jaiswal sledges Mitchell Starc

We use cookies to give you the best possible experience. Learn more