|

ഓസ്‌ട്രേലിയയിലെ ജെയ്‌സ്വാള്‍ മാജിക്കിന് അവസാനമില്ല; ഇതിഹാസങ്ങള്‍ക്ക് ഒരിക്കല്‍പ്പോലും സാധിക്കാത്തത് 23ാം വയസില്‍ നാല് തവണ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ വിജയത്തോടെ പരമ്പര ആരംഭിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. നാലാം ദിനം ലഞ്ചിന് മുമ്പ് തന്നെ കങ്കാരുക്കളുടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ വിജയത്തിലേക്ക് ഓടിയടുക്കുന്നത്.

പെര്‍ത്തില്‍ ഓസ്‌ട്രേലിയക്ക് മുമ്പില്‍ 533 റണ്‍സിന്റെ പടുകൂറ്റന്‍ റണ്‍മലയാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 487ന് ആറ് എന്ന നിലയില്‍ നില്‍ക്കവെ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 297 പന്തില്‍ 161 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ഓടിച്ചെടുത്തത്. 15 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ജെയ്‌സ്വാളിനായി. 23 വയസിന് മുമ്പ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം 150+ സ്‌കോര്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചാണ് ജെയ്‌സ്വാള്‍ റെക്കോഡിട്ടിരിക്കുന്നത്. ഇത് നാലാം തവണയാണ് ജെയ്‌സ്വാളിന്റെ ബാറ്റ് 150+ സ്‌കോര്‍ അടിച്ചെടുക്കുന്നത്.

ടെസ്റ്റില്‍ നാല് തവണയാണ് ജെയ്‌സ്വാള്‍ സെഞ്ച്വറി നേടിയത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

23ാം വയസിന് മുമ്പ് ഏറ്റവുമധികം 150+ റണ്‍സ് സ്വന്തമാക്കിയ താരങ്ങള്‍

(താരം – ടീം – 150+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

ഡോണ്‍ ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 8

ജാവേദ് മിയാന്‍ദാദ് – പാകിസ്ഥാന്‍ – 4

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 4

ഗ്രെയം സ്മിത് – സൗത്ത് ആഫ്രിക്ക – 4

യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 4*

ജെയ്‌സ്വാള്‍ സ്റ്റോമില്‍ മറ്റ് പല റെക്കോഡുകളും കടപുഴകിയിരുന്നു. ഒരു കലണ്ടര്‍ ഇയറില്‍ രണ്ടാം ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍ സ്വന്തമാക്കുന്ന താരം തുടങ്ങി എണ്ണമറ്റ നേട്ടങ്ങളാണ് ഒറ്റ ഇന്നിങ്‌സിലൂടെ ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.

ഒരു കലണ്ടര്‍ ഇയറില്‍ രണ്ടാം ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം

(താരം, റണ്‍സ്, വര്‍ഷം എന്നീ ക്രമത്തില്‍)

യശസ്വി ജെയ്‌സ്വാള്‍ – 650 – 2024*

വിരേന്ദര്‍ സെവാഗ് – 634 – 2008

മൊഹീന്ദര്‍ അമര്‍നാഥ് – 598 – 1983

സുനില്‍ ഗവാസ്‌കര്‍ – 545 – 1971

രാഹുല്‍ ദ്രാവിഡ് – 545 – 2001

അതേസമയം, ഓസ്‌ട്രേലിയ ലഞ്ചിന് ശേഷം ബാറ്റിങ് പുനരാംരഭിച്ചിരിക്കുകയാണ്. നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ 139/5 എന്ന നിലയിലാണ്.

85 പന്തില്‍ പന്തില്‍ 74 റണ്‍സുമായി ട്രാവിസ് ഹെഡും 40 പന്തില്‍ 29 റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍.

Content highlight: Border Gavaskar Trophy: Yashasvi Jaiswal scripted yet another record