| Friday, 22nd November 2024, 8:20 pm

ഈ ദിവസം ഇതിലും മികച്ച അഭിനന്ദനം ബുംറക്ക് ലഭിക്കാനുണ്ടാകില്ല; ലോകത്തിലെ മികച്ച ബൗളറെന്ന് പാക് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറക്ക് കീഴിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

ബൗളര്‍മാര്‍ കളം നിറഞ്ഞാടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ബുംറയും സംഘവും പെര്‍ത്ത് കീഴടക്കിയത്. പേസര്‍മാരെ ഉപയോഗിച്ച് കമ്മിന്‍സ് പയറ്റിയ രാജതന്ത്രം അതിലും മികച്ച രീതിയില്‍ തിരിച്ചുപയറ്റിയാണ് ഇന്ത്യ ആദ്യ ദിവസത്തില്‍ മേല്‍ക്കൈ നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് പുറത്തായി. ലീഡ് നേടാനുറച്ച് ക്രീസിലെത്തിയ ഓസ്‌ട്രേലിയ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 67/7 എന്ന നിലയിലാണ്.

ഇന്ത്യക്കായി ക്യാപ്റ്റന്‍ ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ സിറാജ് രണ്ടും അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ ഒരു വിക്കറ്റും നേടി.

നഥാന്‍ മക്‌സ്വീനിയെ വീഴ്ത്തി വിക്കറ്റ് വേട്ട ആരംഭിച്ച ബുംറ തൊട്ടടുത്ത പന്തില്‍ സ്റ്റീവ് സ്മിത്തിനെയും മടക്കി. ഹാട്രിക് ലക്ഷ്യമിട്ട് ട്രാവിസ് ഹെഡിനെതിരെ തൊടുത്തുവിട്ട ബുള്ളറ്റില്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും ഓസ്‌ട്രേലിയന്‍ താരം ബാറ്റ് വെച്ചതോടെ ബുംറക്ക് ഹാട്രിക് നേട്ടം നഷ്ടമായി.

ഇതെല്ലാം കണ്ടുകൊണ്ട് കമന്ററി ബോക്‌സിലിരുന്ന ഇതിഹാസ താരം വസീം അക്രമിന് ബുംറയെ പുകഴ്ത്താന്‍ വാക്കുകളുണ്ടായിരുന്നില്ല. ക്രിക്കറ്റ് ലോകത്തിലെ എല്ലാ ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നായിരുന്നു പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച പേസറുടെ അഭിനന്ദനം.

ഒപ്പമുണ്ടായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ താരം കെറി ഒക്കീഫിയും ബുംറയെ പ്രശംസിച്ചിരുന്നു. ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച സ്‌പെല്‍ എന്നായിരുന്നു ഒക്കീഫി ബുംറയുടെ പ്രകടനത്തെ വര്‍ണിച്ചത്.

മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആറാമത് ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.

ലാല അമര്‍നാഥ്, ബിഷന്‍ സിങ് ബേദി, കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ എന്നിവരാണ് ഇതിന് മുമ്പ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍.

അതേസമയം, മത്സരത്തിന്റെ രണ്ടാം ദിവസവും തുടര്‍ന്നങ്ങോട്ടും ഇതേ ഡോമിനേഷന്‍ തന്നെ തുടരാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണിലെ ഹാട്രിക് പരമ്പര നേട്ടം കൂടിയാണ് ഇന്ത്യ ഇത്തവണ ലക്ഷ്യം വെക്കുന്നത്.

Content highlight: Border – Gavaskar Trophy: Wasim Akram praises Jasprit Bumrah

We use cookies to give you the best possible experience. Learn more