ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ സെഞ്ച്വറി തിളക്കവുമായി വിരാട് കോഹ്‌ലി. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ തന്റെ 81ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് വിരാട് തന്റെ പേരില്‍ കുറിച്ചത്.
ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പവസാനിപ്പിച്ചാണ് വിരാട് കോഹ്‌ലിയുടെ ബാറ്റ് റെഡ് ബോള്‍ ട്രിപ്പിള്‍ ഡിജിറ്റ് കണ്ടെത്തിയത്. നേരിട്ട 143ാം പന്തിലായിരുന്നു വിരാടിന്റെ സെഞ്ച്വറി നേട്ടം പിറവിയെടുത്തത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ രണ്ട് തകര്‍പ്പന്‍ നേട്ടങ്ങളാണ് വിരാട് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതിലാദ്യം. ഇത് ഏഴാം തവണയാണ് വിരാട് ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്.
(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 7*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 6
സുനില്‍ ഗവാസ്‌കര്‍ – 5
ഈ ചരിത്ര സെഞ്ച്വറിക്ക് പിന്നാലെ സച്ചിനെ മറികടന്ന വിരാട് മറ്റൊരു ഐതിഹാസിക നേട്ടത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കൊപ്പമെത്തുകയും ചെയ്തു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലാണ് വിരാട് സച്ചിനൊപ്പമെത്തിയത്. ബി.ജി.ടിയില്‍ വിരാടിന്റെ ഒമ്പതാം സെഞ്ച്വറിയാണിത്.
(താരം – ടീം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 44 – 9*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 65 – 9
സ്റ്റീവ് സ്മിത്ത് – ഓസ്‌ട്രേലിയ – 36 – 8
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 51 – 8
മൈക്കല്‍ ക്ലാര്‍ക്ക് – ഓസ്‌ട്രേലിയ – 40 – 7
മാത്യു ഹെയ്ഡന്‍ – ഓസ്‌ട്രേലിയ – – 35 – 6
ഇതിന് പുറമെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ചേതേശ്വര്‍ പൂജാരയെയും മൈക്കല്‍ ക്ലാര്‍ക്കിനെയും മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാനും വിരാടിന് സാധിച്ചിരുന്നു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (3262), റിക്കി പോണ്ടിങ് (2555), വി.വി.എസ്. ലക്ഷ്മണ്‍ (2434), രാഹുല്‍ ദ്രാവിഡ് (2143) എന്നിവര്‍ മാത്രമാണ് നിലവില്‍ വിരാടിന് മുമ്പിലുള്ളത്.
അതേസമയം, 487/6 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും 534 റണ്‍സിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയക്ക് മുമ്പില്‍ വെക്കുകയും ചെയ്തു. വിരാട് 100 റണ്‍സുമായും നിതീഷ് കുമാര്‍ റെഡ്ഡി 38 റണ്‍സുമായും പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നഥാന്‍ മക്‌സ്വീനിയുടെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. ബുംറക്ക് മുമ്പില്‍ സംപൂജ്യനായാണ് മക്‌സ്വീനി തിരിച്ചുനടന്നത്.
നിലവില്‍ ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ അക്കൗണ്ട് തുറന്നിട്ടില്ല. ഉസ്മാന്‍ ഖവാജയും നൈറ്റ് വാച്ച്മാനായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.
Content Highlight: Border-Gavaskar Trophy: Virat Kohli surpassed Sachin Tendulkar