| Sunday, 24th November 2024, 2:42 pm

സച്ചിനെ നേരത്തെ വെട്ടി, ഇപ്പോള്‍ കരീബീയന്‍ കൊടുങ്കാറ്റിനെയും കീഴടക്കി; ഇതിഹാസത്തെ മറികടക്കാന്‍ ഇവന്‍ ഇനിയെന്ത് വേണം?

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ മേധാവിത്തം തുടരുകയാണ്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ ഇതിനോടകം തന്നെ 475+ റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്.

ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യശസ്വി ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തുന്നത്.

ജെയ്‌സ്വാള്‍ 297 പന്തില്‍ 161 റണ്‍സ് നേടിയാണ് മടങ്ങിയത്. 15 ഫോറും മൂന്ന് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 176 പന്തില്‍ 77 റണ്‍സടിച്ച കെ.എല്‍. രാഹുലും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ഇന്ത്യ നിലവില്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കുന്നത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് ക്രീസില്‍ നങ്കൂരമിട്ട് തുടരുകയാണ്.

ഈ അര്‍ധ സഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാട് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം തവണ 50+ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് വിരാട് റെക്കോഡിട്ടത്.

വിന്‍ഡീസ് സൂപ്പര്‍ താരം ഡെസ്മണ്ട് ഹെയ്ന്‍സിനെ മറികടന്നുകൊണ്ടാണ് വിരാട് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. ഓസ്‌ട്രേലിയക്കെതിരെ തന്റെ 23ാം 50+ സ്‌കോറാണ് വിരാട് പെര്‍ത്തില്‍ കുറിച്ചത്.

ഈ പട്ടികയില്‍ ഒന്നാമതുള്ളത് സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ്. 33 50+ സ്‌കോറുമായി വിരാടിനേക്കാള്‍ ബഹുദൂരം മുമ്പിലാണ് റിച്ചാര്‍ഡ്‌സ് തന്റെ സ്ഥാനം തുടരുന്നത്.

ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ സ്വന്തമാക്കിയ താരം

(താരം – ടീം – എത്ര തവണ 50+ സ്‌കോര്‍ സ്വന്തമാക്കി എന്നീ ക്രമത്തില്‍)

വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 36

വിരാട് കോഹ്‌ലി – ഇന്ത്യ – 23*

ഡെസ്മണ്ട് ഹെയ്ന്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 22

ക്ലൈവ് ലോയ്ഡ് – വെസ്റ്റ് ഇന്‍ഡീസ് – 19

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 19

ഇതിന് പുറമെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ചേതേശ്വര്‍ പൂജാരയെയും മൈക്കല്‍ ക്ലാര്‍ക്കിനെയും മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാനും വിരാടിന് സാധിച്ചിരുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (3262), റിക്കി പോണ്ടിങ് (2555), വി.വി.എസ്. ലക്ഷ്മണ്‍ (2434), രാഹുല്‍ ദ്രാവിഡ് (2143) എന്നിവര്‍ മാത്രമാണ് നിലവില്‍ വിരാടിന് മുമ്പിലുള്ളത്.

അതേസമയം, ഇന്ത്യ തങ്ങളുടെ ലീഡ് 505 ആയി ഉയര്‍ത്തിയിരിക്കുകയാണ്. നിലവില്‍ 131 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 459 എന്ന നിലയിലാണ് ഇന്ത്യ. 133 പന്തില്‍ 87 റണ്‍സുമായി വിരാട് കോഹ്‌ലിയും 15 പന്തില്‍ 25 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.

Content highlight: Border-Gavaskar Trophy: Virat Kohli completed 23rd 50+ score against Australia

We use cookies to give you the best possible experience. Learn more