| Monday, 25th November 2024, 10:37 am

ഇന്ത്യയെ വിറപ്പിക്കുന്ന മീശ വെച്ച കങ്കാരു ഇത്തവണയും ഞെട്ടിക്കുന്നു; സ്ഥിരതയില്‍ ഇവനെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ മേധാവിത്തം തുടര്‍ന്ന് സന്ദര്‍ശകര്‍. നാലാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കങ്കാരുക്കളുടെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയാണ് ഇന്ത്യ പെര്‍ത്തില്‍ വിജയം കുറിക്കാനൊരുങ്ങുന്നത്.

രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റ ഓസീസ് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അടക്കം മൂന്ന് വിക്കറ്റുകള്‍ ഓസീസിന് നഷ്ടപ്പെട്ടിരുന്നു.

സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ ബാറ്റിങ് കരുത്തിലാണ് ഓസീസ് മടങ്ങി വരവിന് ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹെഡ് പെര്‍ത്തിലും അതേ പതിവ് തുടരുകയാണ്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് മീശക്കാരന്‍ കങ്കാരു ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

ലഞ്ചിന് പിരിയും മുമ്പ് 72 പന്തില്‍ പുറത്താകാതെ 63 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്. ഏഴ് ബൗണ്ടറികളാണ് താരത്തിന്റെ ഇന്നിങ്‌സിലുള്ളത്. 23 പന്തില്‍ അഞ്ച് റണ്‍സുമായി മിച്ചല്‍ മാര്‍ഷാണ് നിലവില്‍ ഹെഡിന്റെ ഒപ്പമുള്ളത്.

ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ തന്റെ സ്ഥിരത ഒരിക്കല്‍ക്കൂടി വ്യക്തമാക്കാനും ഹെഡിന് സാധിച്ചു. 2023 മുതല്‍ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം 50+ റണ്‍സ് നേടുന്ന താരങ്ങളില്‍ ഒന്നാമതാണ് ഹെഡ്.

ഏകദിന ലോകകപ്പിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യക്ക് ദുസ്വപ്‌നമായ ഹെഡ് ഇത്തവണയും തങ്ങളെ കാക്കുമെന്ന് തന്നെയാണ് കങ്കാരുക്കള്‍ പ്രതീക്ഷിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം 50+ സ്‌കോര്‍ കണ്ടെത്തിയ താരങ്ങള്‍ (2023 മുതല്‍)

(താരം – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

ട്രാവിസ് ഹെഡ് – 19 തവണ*

മിച്ചല്‍ മാര്‍ഷ് – 18

ഡേവിഡ് വാര്‍ണര്‍ – 17

മാര്‍നസ് ലബുഷാന്‍ – 15

സ്റ്റീവ് സ്മിത്ത് – 13

അതേസമയം, പെര്‍ത്തില്‍ വിജയിച്ചുകയറാന്‍ ഓസ്‌ട്രേലിയ ഒത്തിരി വിയര്‍ക്കേണ്ടി വരും. ഒന്നര ദിവസവും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ 430 റണ്‍സാണ് ഓസീസിന് വിജയിക്കാന്‍ ആവശ്യമുള്ളത്.

നേരത്തെ, 46 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ യശസ്വി ജെയ്‌സ്വാളിന്റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി കരുത്തില്‍ 534 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്ക് മുമ്പില്‍ വെച്ചത്.

ജെയ്‌സ്വാള്‍ 297 പന്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ 143 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. 77 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

Content Highlight: Border-Gavaskar Trophy: Travis Head completed half century

We use cookies to give you the best possible experience. Learn more