ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഇരു ടീമുകളും 1-1 എന്ന നിലയില്‍ തുടരുകയാണ്. നിര്‍ണായകമായ രണ്ട് ടെസ്റ്റുകളാണ് ആതിഥേയരായ കങ്കാരുക്കള്‍ക്കും നിലവിലെ ട്രോഫി ഹോള്‍ഡേഴ്‌സായ ഇന്ത്യക്കും മുമ്പിലുള്ളത്.
ക്രിസ്തുമസ് ദിവസത്തിന് പിറ്റേന്ന്, അതായത് ബോക്‌സിങ് ഡേയിലാണ് പരമ്പരയിലെ നാലാം മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ബോക്‌സിങ് ഡേ ടെസ്റ്റിന് വേദിയാകുന്നത്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സംസ്‌കാരത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മത്സരമാണ് ബോക്‌സിങ് ഡേ ടെസ്റ്റ്. ഇക്കാരണംകൊണ്ടുതന്നെ ഈ മത്സരം ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടവുമാണ്.
ബോക്‌സിങ് ഡേ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ച് ജേതാവിനെ ഒരു സ്‌പെഷ്യല്‍ പുരസ്‌കാരവും കാത്തിരിക്കുന്നുണ്ട്. 1868ലെ യു.കെ പര്യടനത്തിലെ നായകനായ ജോണി മല്ലാഗിനോടുള്ള ബഹുമാനസൂചകമായി നല്‍കപ്പെടുന്ന മല്ലാഗ് മെഡലാണ് ബോക്‌സിങ് ഡേ ടെസ്റ്റിലെ താരത്തിന് ലഭിക്കുക.
1968 മുതല്‍ ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ കളിക്കുന്നുണ്ടെങ്കിലും 2020ലാണ് മല്ലാഗ് മെഡല്‍ അവതരിപ്പിച്ചത്. അതുവരെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം മാത്രം നല്‍കിയിരുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ, 2020 മുതല്‍ മല്ലാഗ് മെഡലും നല്‍കാന്‍ ആരംഭിച്ചു.
ഇതുവരെ നാല് താരങ്ങളാണ് ഈ ബഹുമതിക്ക് അര്‍ഹരായിട്ടുള്ളത്. ഇതില്‍ ഒരിക്കല്‍ മാത്രമാണ് ഓസ്‌ട്രേലിയക്കാരനല്ലാത്ത മറ്റൊരു താരം ഈ മെഡല്‍ സ്വന്തമാക്കിയത്. അതും ഈ മെഡല്‍ അവതരിപ്പിച്ച 2020ല്‍ തന്നെ!
2020ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെയാണ് ബോക്‌സിങ് ഡേ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും പ്രഥമ മല്ലാഗ് മെഡലിനും അര്‍ഹനായത്. മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
സ്‌കോര്‍
ഓസ്ട്രേലിയ: 195 & 200
ഇന്ത്യ: 326 & 70/2 (T: 70)
മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 223 പന്തില്‍ നിന്നും 112 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായതോടെയാണ് രഹാനെയെ തേടി ഈ ചരിത്ര നേട്ടമെത്തിയത്.
ശേഷം 2021ബോക്‌സിങ് ഡേ ടെസ്റ്റില്‍ കളിയിലെ താരമായതോടെ സ്‌കോട്ട് ബോളണ്ടിനെയും 2022ല്‍ ഡേവിഡ് വാര്‍ണറിനെയും ഈ പുരസ്‌കാരം തേടിയെത്തി.
ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് ഒടുവില്‍ മല്ലാഗ് മെഡലിന് അര്‍ഹനായത്. 2023ലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ടെന്‍ഫര്‍ നേടിയാണ് രഹാനെ, ബോളണ്ട്, വാര്‍ണര്‍ എന്നിവരുള്‍പ്പെട്ട എലീറ്റ് ലിസ്റ്റില്‍ കമ്മിന്‍സും ഇടം നേടിയത്.
ഇപ്പോള്‍ മറ്റൊരു ബോക്‌സിങ് ഡേ ടെസ്റ്റിന് കൂടി കളമൊരുങ്ങുകയാണ്. 2020ലെ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്.
പരമ്പരയില്‍ മേല്‍ക്കൈ നേടുന്നതിനൊപ്പം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും നിര്‍ണായകമാകുന്നതിനാല്‍ ഇരു ടീമുകളെ സംബന്ധിച്ചും ഇനിയുള്ള രണ്ട് മത്സരങ്ങളും പ്രധാനമാണ്.
Content Highlight: Border Gavaskar Trophy: The Mullagh Medal is awarded to the player of the match in the Boxing Day Test