| Saturday, 30th November 2024, 12:53 pm

ആ മൂന്ന് താരങ്ങള്‍ പുറത്ത് പോട്ടെ, പകരം ഇവര്‍ വരട്ടെ; ചരിത്ര വിജയം സമ്മാനിച്ച ടീമിനെ മാറ്റാന്‍ ആവശ്യപ്പെട്ട് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്റുമായ സുനില്‍ ഗവാസ്‌കര്‍. രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ തിരിച്ചെത്തുന്നതോടെ ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണ് ഗവാസ്‌കര്‍ സംസാരിച്ചിരിക്കുന്നത്.

രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ടീമിന്റെ ഭാഗമാകണമെന്ന് നിര്‍ദേശിച്ച ഗവാസ്‌കര്‍ ബാറ്റിങ് ഓര്‍ഡറിലും മാറ്റം വരുത്തിയിട്ടുണ്ട്. ഓപ്പണിങ്ങില്‍ കളത്തിലിറങ്ങിയ കെ.എല്‍. രാഹുല്‍ ആറാം നമ്പറില്‍ കളിക്കണമെന്നും ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നുമാണ് ഗവാസ്‌കര്‍ പറയുന്നത്.

സെവന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

‘രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മടങ്ങിയെത്തുന്നതോടെ പ്ലെയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുണ്ടാകും. രോഹിത് ശര്‍മ കെ.എല്‍. രാഹുലിന് പകരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതോടെ ബാറ്റിങ് ഓര്‍ഡറിലും കാര്യമായ മാറ്റങ്ങളുണ്ടാകും. ശുഭ്മന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങും. പടിക്കലും (ദേവ്ദത്ത് പടിക്കല്‍) ജുറെലും (ധ്രുവ് ജുറെലും) ടീമിലുണ്ടാകില്ല. രാഹുല്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യും,’ ഗവാസ്‌കര്‍ പറഞ്ഞു.

ഓള്‍ റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിന് പകരം രവീന്ദ്ര ജഡേജ ടീമിന്റെ ഭാഗമാകണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഗവാസ്‌കര്‍ തെരഞ്ഞെടുത്ത അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും അഭാവത്തിലും ആദ്യ മത്സരത്തില്‍ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആദ്യ ടെസ്റ്റ് കളിക്കേണ്ടതില്ല എന്ന് തീരുമാനിച്ചപ്പോള്‍ പ്രാക്ടീസ് സെഷനിടെ പരിക്കേറ്റതാണ് ഗില്ലിന് തിരിച്ചടിയായത്.

എന്നാല്‍ രോഹിത്തിന് പകരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ജസ്പ്രീത് ബുംറ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ എവേ വിജയത്തിലേക്കാണ് നയിച്ചത്. 295 റണ്‍സിനാണ് ഇന്ത്യ ആദ്യ ടെസ്റ്റ് വിജയിച്ചുകയറിയത്. ഇതോടെ പെര്‍ത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് തോല്‍വിയും കുറിക്കപ്പെട്ടു.

അതേസമയം, രണ്ടാം ടെസ്റ്റില്‍ ശുഭ്മന്‍ ഗില്‍ ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ആരോഗ്യം വീണ്ടെടുക്കുന്ന ഗില്‍ രണ്ടാം ടെസ്റ്റിന് മുമ്പ് ഫിറ്റാകാന്‍ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും താരം കളത്തിലിറങ്ങുമോ എന്ന് ഉറപ്പില്ല.

അഡ്ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരെ സന്നാഹ മത്സരം കളിക്കും. മനൂക ഓവലിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പിങ്ക് ബോളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ മറികടക്കാന്‍ ഈ മത്സരം ടീമിനെ സഹായിച്ചേക്കും.

ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് രണ്ടാം ടെസ്റ്റ്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ തിരിച്ചുവരാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. അതേസമയം, രണ്ടാം മത്സരത്തിലും വിജയിച്ച് ആതിഥേയരെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിടാനാകും ഇന്ത്യയുടെ ശ്രമം.

രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്‌സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

ട്രാവലിങ് റിസര്‍വുകള്‍

മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്.

Content highlight: Border-Gavaskar Trophy: Sunil Gavaskar about India’s playing eleven for second test

We use cookies to give you the best possible experience. Learn more