| Friday, 27th December 2024, 10:17 am

സച്ചിന്‍ ഓസ്‌ട്രേലിയയോട് ചെയ്തത് ഇന്ത്യയോട് തിരിച്ചുചെയ്ത് സ്മിത്; ഒഫീഷ്യല്‍ ഇന്ത്യന്‍ മര്‍ദകന് റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആതിഥേയര്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 474 റണ്‍സാണ് സ്വന്തമാക്കിയത്.

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടി തിളങ്ങിയ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 197 പന്ത് നേരിട്ട താരം 140 റണ്‍സ് സ്വന്തമാക്കി. 13 ഫോറുകളും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും മുന്‍ ഓസ്‌ട്രേലിയന്‍ നായകന് സാധിച്ചു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമെത്തിയാണ് താരം റെക്കോഡിട്ടത്.

ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇത് 11ാം തവണയാണ് സ്മിത്തിന്റെ ബാറ്റ് സെഞ്ച്വറി കണ്ടെത്തുന്നത്.

ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്‍ ഒന്നാം സ്ഥാനത്തുള്ള പട്ടികയിലേക്കാണ് സ്മിത്ത് ഒരിക്കല്‍ക്കൂടി കാലെടുത്ത് വെച്ചത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 19

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 13

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 12

ജാക്ക് ഹോബ്‌സ് – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 12

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – ഓസ്‌ട്രേലിയ – 11

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – ഇന്ത്യ – 11*

മത്സരത്തില്‍ സ്റ്റീവ് സ്മിത്തിന് പുറമെ ഓസ്‌ട്രേലിയയുടെ ടോപ് ഓര്‍ഡറും മികച്ച പ്രകടനം കാഴ്ചവെച്ചു.

സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ (145 പന്തില്‍ 72), അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (63 പന്തില്‍ 49) എന്നിവരുടെ കരുത്തിലാണ് ഓസീസ് മികച്ച ആദ്യ ഇന്നിങ്സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി. ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റുമായി ഓസ്ട്രേലിയന്‍ പതനം പൂര്‍ത്തിയാക്കി.

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ വെറും മൂന്ന് റണ്‍സുമായാണ് രോഹിത് ടെസ്റ്റിലെ തന്റെ മോശം പ്രകടനം തുടരുന്നത്.

ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഏക താരം കെ.എല്‍. രാഹുലിന്റെ വിക്കറ്റും ഇതിനോടകം തന്നെ ഇന്ത്യക്ക് നഷ്ടമായിരിക്കുകകയാണ്. 42 പന്തില്‍ 24 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് ഇരുവരെയും മടക്കിയത്.

നിലവില്‍ ചായക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 43 പന്തില്‍ 23 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളാണ് ക്രീസില്‍. വിരാട് കോഹ്‌ലിയാണ് നാലാം നമ്പറില്‍ കളത്തിലിറങ്ങാനുള്ളത്.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Content Highlight: Border Gavaskar Trophy: Steve Smith scored 11th century against India

We use cookies to give you the best possible experience. Learn more