| Friday, 22nd November 2024, 6:37 pm

ഇന്നലെ വരെ, വീണ്ടും പറയുന്നു ഇന്നലെ വരെ ആ മോശം നേട്ടം സ്മിത്തിനുണ്ടായിരുന്നില്ല, ബുംറയിലൂടെ അതും പിറന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം ബൗളര്‍മാരുടെ പേരിലാണ് കുറിക്കപ്പെട്ടത്. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ബൗളര്‍മാര്‍ കളമറിഞ്ഞ് കളിച്ചപ്പോള്‍ ആദ്യ ദിനം വീണത് 17 വിക്കറ്റുകളാണ്. പേസര്‍മാരാണ് മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കിയത് എന്നതാണ് മറ്റൊരു വസ്തുത.

ആദ്യ ദിവസം ഒരു ഗോള്‍ഡന്‍ ഡക്ക് അടക്കം മൂന്ന് ‘താറാവുകളും’ പിറവിയെടുത്തിരുന്നു. യശസ്വി ജെയ്‌സ്വാള്‍, രജത് പാടിദാര്‍, സ്റ്റീവ് സ്മിത് എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. ഇതില്‍ സ്റ്റീവ് സ്മിത് നേരിട്ട ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നല്‍കി മടങ്ങി.

ഇതോടെ സ്മിത്തിന്റെ കരിയറിലെ മറ്റൊരു കളങ്കവും കുറിക്കപ്പെട്ടു. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇതിന് മുമ്പ് പത്ത് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ടെങ്കിലും ഇതിന് മുമ്പും സ്വന്തം തട്ടകത്തില്‍ ഡക്കായി മടങ്ങിയിട്ടുണ്ടെങ്കിലും കരിയറില്‍ ഇതാദ്യമായാണ് സ്മിത് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്.

കരിയറില്‍ താരത്തിന്റെ രണ്ടാമത് മാത്രം ഗോള്‍ഡന്‍ ഡക്കാണിത്. പത്ത് വര്‍ഷം മുമ്പ് സൗത്ത് ആഫ്രിക്കക്കെതിരെ അവരുടെ തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് സ്മിത് ഇതിന് മുമ്പ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്.

ടെസ്റ്റില്‍ സ്മിത് പൂജ്യത്തിന് പുറത്തായ മത്സരങ്ങള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

0 (7) – ഇംഗ്ലണ്ട് – ബ്രിസ്‌ബെയ്ന്‍ – 2013

0 (1) – സൗത്ത് ആഫ്രിക്ക – സെന്റ് ജോര്‍ജ്‌സ് ഓവല്‍ – 2014

0 (6) – പാകിസ്ഥാന്‍ – അബുദാബി – 2014

0 94) – സൗത്ത് ആഫ്രിക്ക – പെര്‍ത്ത് – 2016

0 (8) – ഇന്ത്യ – മെല്‍ബണ്‍ – 2020

0 (2) – ഇംഗ്ലണ്ട് – ഹൊബാര്‍ട്ട് – 2022

0 (4) – ശ്രീലങ്ക – ഗല്ലെ – 2022

0 (8) – വെസ്റ്റ് ഇന്‍ഡീസ് – അഡ്‌ലെയ്ഡ് – 2022

0 (2) – ഇന്ത്യ – ദല്‍ഹി – 2023

0 (3) – ന്യൂസിലാന്‍ഡ് – വെല്ലിങ്ടണ്‍ – 2024

0 (1) – ഇന്ത്യ – പെര്‍ത്ത് – 2024*

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഓസീസ് ബൗളര്‍മാര്‍ വിക്കറ്റ് വേട്ട ആരംഭിച്ചിരുന്നു. യശസ്വി ജെയ്‌സ്വാളും ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായപ്പോള്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് വിരാട് കോഹ്‌ലിക്ക് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയ ഇന്ത്യയെ മികച്ച സ്‌കോര്‍ നേടാനോ കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ അനുവദിച്ചില്ല. ഒടുവില്‍ സന്ദര്‍ശകര്‍ 49.4 ഓവറില്‍ 150 റണ്‍സിന് പുറത്തായി.

59 പന്തില്‍ 41 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിഷബ് പന്ത് 78 പന്തില്‍ 37 റണ്‍സടിച്ചപ്പോള്‍ 74 പന്തില്‍ 26 റണ്‍സ് നേടിയ രാഹുലും ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 20 പന്തില്‍ 11 റണ്‍ടിച്ച ധ്രുവ് ജുറെലാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.

ഓസ്‌ട്രേലിയക്കായി സൂപ്പര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഫോര്‍ഫര്‍ നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ മാര്‍ഷ്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്കും തൊട്ടതെല്ലാം പിഴച്ചു. ഉസ്മാന്‍ ഖവാജ 19 പന്തില്‍ എട്ട് റണ്‍സടിച്ച് മടങ്ങിയപ്പോള്‍ നഥാന്‍ മക്‌സ്വീനി 13 പന്തില്‍ പത്ത് റണ്‍സും ട്രാവിസ് ഹെഡ് 13 പന്തില്‍ 11 റണ്‍സും നേടി മടങ്ങി.

തുടര്‍ന്നും വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ മത്സരിച്ചപ്പോള്‍ ഓസ്‌ട്രേലിയയിലും തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണു.

ഒടുവില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 67ന് ഏഴ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 28 പന്തില്‍ 19 റണ്‍സുമായി അലക്‌സ് കാരിയും 14 പന്തില്‍ ആറ് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

ഇന്ത്യക്കായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റടുത്തപ്പോള്‍ സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.

Content highlight: Border Gavaskar Trophy: Steve Smith out for golden duck for the first time in Australia

We use cookies to give you the best possible experience. Learn more