ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ തോല്‍വി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ബ്രിസ്ബെയ്നിലെ ഗാബയില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 394 റണ്‍സിന് പിറകിലാണ് ഇന്ത്യ. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.
സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)
ഓസ്ട്രേലിയ: 445
ഇന്ത്യ: 51/4
ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയയെ 445ലെങ്കിലും തളച്ചത്. ഒമ്പത് മെയ്ഡന്‍ അടക്കം 28 ഓവര്‍ പന്തെറിഞ്ഞ താരം 76 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സെഞ്ചൂറിയന്‍മാരായ ട്രാവിസ് ഹെഡിനെയും സ്റ്റീവ് സ്മിത്തിനെയും അടക്കം ആറ് കങ്കാരുക്കളെ മടക്കിയത്.
മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആകാശ് ദീപും നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റും നേടി.
മത്സരത്തിന്റെ മൂന്നാം ദിവസം വെറും മൂന്ന് ഓവറുകള്‍ മാത്രമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ജസ്പ്രീത് ബുംറയ്ക്ക് നല്‍കിയത്. രോഹിത്തിന്റെ ഈ തീരുമാനത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് ബാംഗര്‍.
‘തൊട്ടുമുമ്പത്തെ ഓവറില്‍ വിക്കറ്റ് നേടിയ ബൗളര്‍ക്ക് സാധാരണയായി മറ്റൊരു ഓവര്‍ കൂടി നല്‍കും. എന്നാല്‍ ജസ്പ്രീത് ബുംറയ്ക്ക് അത്തരമൊരു ഓവര്‍ രോഹിത് ശര്‍മ നല്‍കിയില്ല. മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കി ആ ദിവസത്തെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് അവനാണ്. എന്നാല്‍ അവന് മറ്റൊരു ഓവര്‍ ലഭിച്ചില്ല,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബാംഗര്‍ പറഞ്ഞു.
ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയയില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന ചരിത്ര നേട്ടവും ബുംറയെ തേടിയെത്തി. കപില്‍ ദേവിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇതോടെ ബുംറ സ്വന്തമാക്കി.
ഇതിന് പുറമെ ഇത്തവണത്തെ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബുംറ. അഞ്ച് ഇന്നിങ്‌സില്‍ നിന്നും 18 വിക്കറ്റുകളാണ് താരം ഇതിനോടകം സ്വന്തമാക്കിയത്.
11.72 ശരാശരിയിലും 27.33 സ്‌ട്രൈക്ക് റേറ്റിലുമാണ് ബുംറ പന്തെറിയുന്നത്. ഇതിനോടകം തന്നെ രണ്ട് ഫൈഫറും താരം സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Border Gavaskar Trophy: Sanjay Bangar criticize Rohit Sharma for not giving another over for Jasprit Bumrah after taking a wicket