| Thursday, 26th December 2024, 7:24 am

ബുംറയെ പോലും ബഹുമാനിക്കാതെ ഒന്നൊന്നര വരവ്! അരങ്ങേറ്റം കളറാക്കി കോണ്‍സ്റ്റസ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ബോക്‌സിങ് ഡേ ടെസ്റ്റ് മെല്‍ബണില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ മികച്ച രീതിയിലാണ് ഇന്നിങ്‌സ് ആരംഭിച്ചിരിക്കുന്നത്.

രണ്ട് പ്രധാന മാറ്റങ്ങളുമായാണ് ഓസീസ് ബോക്‌സിങ് ഡേ ടെസ്റ്റിനിറങ്ങിയത്. ആദ്യ മൂന്ന് മത്സരത്തിലും തിളങ്ങാന്‍ സാധിക്കാതെ പോയ ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിക്ക് പകരം യുവതാരം സാം കോണ്‍സ്റ്റസും സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിന്റെ ഭാഗമായി.

19കാരനായ കോണ്‍സ്റ്റസിന്റെ അരങ്ങേറ്റത്തിന് കൂടിയാണ് മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടി വരവറിയിക്കാനും കോണ്‍സ്റ്റസിന് സാധിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയെ പോലും അടിച്ചൊതുക്കിയാണ് കോണ്‍സ്റ്റസ് മികച്ച പ്രകടനം പുറത്തെടുത്തത്.

നേരിട്ട 52ാം പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയ താരം 65 പന്തില്‍ 60 റണ്‍സും നേടി പുറത്തായി.

അരങ്ങേറ്റക്കാരന്റെ ഒരു ആശങ്കകളുമില്ലാതെയാണ് താരം ബാറ്റ് വീശിയത്.

മത്സരത്തിന്റെ ഏഴാം ഓവറിലെ സ്‌കൂപ്പ് ഷോട്ട് സിക്‌സര്‍ അടക്കം ബുംറയുടെ ഓവറില്‍ താരം അടിച്ചുനേടിയത് 14 റണ്‍സാണ്. 11ാം ഓവറിലും ബുംറയ്‌ക്കെതിരെ താരം സിക്‌സര്‍ നേടി. 2021ന് ശേഷം ഇതാദ്യമായാണ് ബുംറ ടെസ്റ്റില്‍ സിക്‌സര്‍ വഴങ്ങുന്നത്.

തന്റെ സ്‌പെല്ലിലെ ആദ്യ എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ ബുംറയ്ക്ക് വഴങ്ങേണ്ടി വന്നത് 41 റണ്‍സാണ്. എക്കോണമിയാകട്ടെ 5.13ഉം! സമീപഭാവിയിലൊന്നും ബുറയുടെ എക്കോണമി ഇത്രത്തോളം ഉയര്‍ന്നിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

ഒടുവില്‍ 20ാം ഓവറിലെ രണ്ടാം പന്തില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി കോണ്‍സ്റ്റസ് മടങ്ങി.

അതേസമയം, ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 17 പന്തില്‍ 38 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 12 പന്തില്‍ 12 റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Content highlight: Border Gavaskar Trophy: Sam Konstas’ brilliant innings in debut

We use cookies to give you the best possible experience. Learn more