ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ബോക്‌സിങ് ഡേ ടെസ്റ്റ് മെല്‍ബണില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ മികച്ച രീതിയിലാണ് ഇന്നിങ്‌സ് ആരംഭിച്ചിരിക്കുന്നത്.
രണ്ട് പ്രധാന മാറ്റങ്ങളുമായാണ് ഓസീസ് ബോക്‌സിങ് ഡേ ടെസ്റ്റിനിറങ്ങിയത്. ആദ്യ മൂന്ന് മത്സരത്തിലും തിളങ്ങാന്‍ സാധിക്കാതെ പോയ ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിക്ക് പകരം യുവതാരം സാം കോണ്‍സ്റ്റസും സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിന്റെ ഭാഗമായി.
19കാരനായ കോണ്‍സ്റ്റസിന്റെ അരങ്ങേറ്റത്തിന് കൂടിയാണ് മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടി വരവറിയിക്കാനും കോണ്‍സ്റ്റസിന് സാധിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയെ പോലും അടിച്ചൊതുക്കിയാണ് കോണ്‍സ്റ്റസ് മികച്ച പ്രകടനം പുറത്തെടുത്തത്.
നേരിട്ട 52ാം പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയ താരം 65 പന്തില്‍ 60 റണ്‍സും നേടി പുറത്തായി.
അരങ്ങേറ്റക്കാരന്റെ ഒരു ആശങ്കകളുമില്ലാതെയാണ് താരം ബാറ്റ് വീശിയത്.
മത്സരത്തിന്റെ ഏഴാം ഓവറിലെ സ്‌കൂപ്പ് ഷോട്ട് സിക്‌സര്‍ അടക്കം ബുംറയുടെ ഓവറില്‍ താരം അടിച്ചുനേടിയത് 14 റണ്‍സാണ്. 11ാം ഓവറിലും ബുംറയ്‌ക്കെതിരെ താരം സിക്‌സര്‍ നേടി. 2021ന് ശേഷം ഇതാദ്യമായാണ് ബുംറ ടെസ്റ്റില്‍ സിക്‌സര്‍ വഴങ്ങുന്നത്.
തന്റെ സ്‌പെല്ലിലെ ആദ്യ എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ ബുംറയ്ക്ക് വഴങ്ങേണ്ടി വന്നത് 41 റണ്‍സാണ്. എക്കോണമിയാകട്ടെ 5.13ഉം! സമീപഭാവിയിലൊന്നും ബുറയുടെ എക്കോണമി ഇത്രത്തോളം ഉയര്‍ന്നിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
ഒടുവില്‍ 20ാം ഓവറിലെ രണ്ടാം പന്തില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി കോണ്‍സ്റ്റസ് മടങ്ങി.
അതേസമയം, ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 17 പന്തില്‍ 38 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 12 പന്തില്‍ 12 റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.