ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. ആദ്യ ദിനം ലഞ്ചിന് ശേഷം ബാറ്റിങ് ആരംഭിച്ച കങ്കാരുക്കള്‍ വിക്കറ്റ് നഷ്ടപ്പെടാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസീസ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ ലഭിച്ചത്.
നേരിട്ട 52ാം പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം 65ാം പന്തില്‍ 60 റണ്‍സുമായി പുറത്താവുകയും ചെയ്തു.
സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്‌ക്കെതിരെ മികച്ച പ്രകടനമാണ് കോണ്‍സ്റ്റസ് നടത്തിയത്. തന്റെ ടെസ്റ്റ് കരിയറില്‍ ബുംറ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഓവര്‍ പിറന്നതും ഈ മത്സരത്തിലായിരുന്നു. 18 റണ്‍സാണ് കോണ്‍സ്റ്റസിന്റെ കരുത്തില്‍ ബുംറയ്ക്ക് വഴങ്ങേണ്ടി വന്നത്. മറ്റൊരു ഓവറില്‍ 14 റണ്‍സും താരം വഴങ്ങിയിരുന്നു.
ഇപ്പോള്‍ മത്സരത്തിന്റെ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ കോണ്‍സ്റ്റസ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. താന്‍ ഇനിയും ബുംറയെ ലക്ഷ്യം വെക്കാന്‍ ശ്രമിക്കും എന്നാണ് താരം പറഞ്ഞത്.
അരങ്ങേറ്റത്തില്‍ തന്നെ ബുംറയ്‌ക്കെതിരെ സിക്‌സര്‍ നേടുകയും ഇത്രയും ആത്മവിശ്വാസത്തോടെ സംസാരിക്കുകയും ചെയ്യുന്ന കോണ്‍സ്റ്റസിനെ ഓസീസ് ആരാധകര്‍ ഇരു കയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്.
ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ബുംറയ്‌ക്കെതിരെ സിക്സര്‍ നേടുന്ന ഏഴാമത് താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
(താരം – ടീം – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
എ.ബി. ഡി വില്ലിയേഴ്സ് – സൗത്ത് ആഫ്രിക്ക – കേപ് ടൗണ്‍ – 2018
ആദില്‍ റഷീദ് – ഇംഗ്ലണ്ട് – നോട്ടിങ്ഹാം – 2018
മോയിന്‍ അലി – ഇംഗ്ലണ്ട് – സതാംപ്ടണ്‍ – 2018
ജോസ് ബട്‌ലര്‍ (2) ഇംഗ്ലണ്ട് – ഓവല്‍ – 2018
നഥാന്‍ ലിയോണ്‍ – ഓസ്ട്രേലിയ – മെല്‍ബണ്‍ – 2020
കാമറൂണ്‍ ഗ്രീന്‍ – ഓസ്ട്രേലിയ – സിഡ്നി – 2021
സാം കോണ്‍സ്റ്റസ് (2) ഓസ്ട്രേലിയ – മെല്‍ബണ്‍ – 2024*
ജോസ് ബട്‌ലറിന് ശേഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ ബുംറയ്ക്കെതിരെ ഒന്നിലധികം സിക്സര്‍ പറത്തുന്ന ആദ്യ താരമെന്ന നേട്ടവും ഈ അരങ്ങേറ്റക്കാരന്‍ സ്വന്തമാക്കി.
20ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകും മുമ്പ് തന്നെ കോണ്‍സ്റ്റസ് മെല്‍ബണ്‍ ക്രൗഡിന്റെ കയ്യടി നേടിയിരുന്നു. ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്.
Content Highlight: Border Gavaskar Trophy: Sam Konstas about Jasprit Bumrah