| Friday, 27th December 2024, 9:27 am

മിഡില്‍ ഓര്‍ഡറിലെ പ്രശ്‌നം ഓപ്പണിങ്ങിലേക്ക് മാറി; വീണ്ടും നിരാശനാക്കി രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി നില്‍ക്കവെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കിയാണ് ഇന്ത്യന്‍ നായകന്‍ തിരിച്ചുനടന്നത്.

പരമ്പരയില്‍ തുടര്‍ പരാജയമാകുന്ന നായകനെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരം കളിക്കാന്‍ സാധിക്കാതെ പോയ രോഹിത് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ടീമിന്റെ ഭാഗമായി. പെര്‍ത്തില്‍ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ച ഓപ്പണിങ് പെയറിനെ അലോസരപ്പെടുത്താതെ താരം ആറാം നമ്പറില്‍ ക്രീസിലെത്തി.

എന്നാല്‍ മത്സരത്തില്‍ താരം അമ്പേ പരാജയപ്പെട്ടിരുന്നു. അഡ്‌ലെയ്ഡില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഒമ്പത് റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പത്ത് റണ്‍സാണ് രോഹിത് ഗാബയില്‍ നേടിയത്.

ബാറ്റിങ് പൊസിഷന്‍ മാറിയതാണ് താരത്തിന് തിളങ്ങാന്‍ സാധിക്കാതെ പോയതിന് കാരണമെന്ന് ആരാധകര്‍ വിലയിരുത്തി. ഇതോടെ താരത്തോട് നാച്ചുറല്‍ പൊസിഷനായ ഓപ്പണിങ്ങിലേക്ക് മാറാനും ആരാധകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഓപ്പണിങ്ങിലെത്തിയിട്ടും രോഹിത്തിന് താളം കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നത് ഇന്ത്യയ്ക്കുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ 474 റണ്‍സിന്റെ മികച്ച ടോട്ടലാണ് ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ കരുത്തിലാണ് ഓസീസ് സ്‌കോര്‍ ഉയര്‍ത്തിയത്.

സ്മിത് 197 പന്തില്‍ 140 റണ്‍സ് അടിച്ചെടുത്തു. സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ (145 പന്തില്‍ 72), അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (63 പന്തില്‍ 49) എന്നിവരുടെ കരുത്തിലാണ് ഓസീസ് മികച്ച ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി. ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ പതനം പൂര്‍ത്തിയാക്കി.

നിലവില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ്. 28 പന്തില്‍ 18 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 21 പന്തില്‍ 13 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Content Highlight: Border – Gavaskar Trophy: Rohit Sharma’s poor performance continues

We use cookies to give you the best possible experience. Learn more