ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആവേശകരമായ നാലാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 26ന്, ബോക്‌സിങ് ഡേയില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുന്നത്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഡേ – നൈറ്റ് ഫോര്‍മാറ്റില്‍ അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയും വിജയിച്ചുകയറി. ബ്രിസ്‌ബെയ്‌നിലെ ടെസ്റ്റില്‍ മഴ കളിച്ചതോടെ സമനിലയിലും പിരിഞ്ഞു.
ഈ മൂന്ന് മത്സരത്തിലും ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ പ്രകടനം ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായിരുന്നു. സ്ഥിരതയോടെ പന്തെറിയുന്ന താരം പെര്‍ത്തിലെ ചരിത്ര വിജയത്തിലും ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിച്ചതിലും പ്രധാന പങ്കുവഹിച്ചു.
ഇപ്പോള്‍ ബുംറയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബുംറയെ പോലെ ഒരു താരം ടീമിലുള്ളത് മികച്ചതാണെന്നും മറ്റുള്ള താരങ്ങളുടെ ജോലി കൂടുതല്‍ എളുപ്പമാകുമെന്നുമാണ് രോഹിത് പറയുന്നത്.
മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്.
‘ജസ്പ്രീത് ബുംറയെ പോലെ ഒരു താരം ടീമിലുണ്ടാവുക എന്നത് എല്ലായ്‌പ്പോഴും മികച്ചതാണ്. മറ്റുള്ളവരുടെ ജോലി കൂടുതല്‍ എളുപ്പമാകുന്നു. എതിരാളികള്‍ പോലും അവനെ കുറിച്ച് സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷം. അവന്‍ ഇതേ രീതിയില്‍ തന്നെ തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ രോഹിത് പറഞ്ഞു.
പെര്‍ത്തിലും അഡ്‌ലെയ്ഡിലും ബ്രിസ്‌ബെയ്‌നിലുമെന്ന പോലെ നാലാം മത്സരത്തില്‍ മെല്‍ബണിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കരുത്തില്‍ തന്നെയാണ് ഇന്ത്യ മുഴുവന്‍ പ്രതീക്ഷകളും വെച്ചുപുലര്‍ത്തുന്നത്. ഓസ്ട്രേലിയന്‍ മണ്ണില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള ബുംറ മെല്‍ബണിലും ഇന്ത്യയുടെ ചാലകശക്തിയാകുമെന്നുറപ്പാണ്.
പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പുറത്തെടുക്കുന്നത്. കളിച്ച മൂന്ന് മത്സരത്തിലെ ആറ് ഇന്നിങ്സിലും അവിശ്വസനീയമായ രീതിയിലാണ് താരം പന്തെറിഞ്ഞത്.
ആറ് ഇന്നിങ്സില്‍ നിന്നുമായി ഇതിനോടകം തന്നെ 21 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ നിരയിലും ഓസീസ് നിരയിലും മറ്റൊരു ബൗളറും 15 വിക്കറ്റ് തികച്ച് നേടിയിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
ഇന്ത്യ ഇതിന് മുമ്പ് മെല്‍ബണില്‍ കളിച്ച രണ്ട് മത്സരത്തിലും മികച്ച പ്രകടനമാണ് ബുംറ പുറത്തെടുത്തത്. 2018ലെ ബോക്സിങ് ഡേ ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ 2020ല്‍ ആറ് വിക്കറ്റും താരം സ്വന്തമാക്കി. ഇത്തവണയും ബുംറ മാജിക് മെല്‍ബണില്‍ പിറവിയെടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.