|

അക്‌സറിനെയും കുല്‍ദീപിനെയും മറികടന്ന് അരങ്ങേറ്റം പോലും നടത്താത്തവനെ ടീമിലെടുത്തത് എന്തിന്? വ്യക്തമാക്കി രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാല്, അഞ്ച് ടെസ്‌റ്‌റുകള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി ടീമിനൊപ്പമുണ്ടാകുമെന്ന എല്ലാ റിപ്പോര്‍ട്ടുകളെയും കാറ്റില്‍ പറത്തിയപ്പോള്‍ ആര്‍. അശ്വിന് പകരം യുവതാരം തനുഷ് കോട്ടിയന്‍ ടീമില്‍ ഇടം നേടി.

നിലവില്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. ഇന്ത്യ ആദ്യ മത്സരത്തില്‍ വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് സ്വന്തമാക്കി ആതിഥേയര്‍ തിരിച്ചടിച്ചു. ഗാബയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

നിര്‍ണായകമായ ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് അനുഭവസമ്പത്തുള്ള അക്‌സര്‍ പട്ടേലിനെയും സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും മറികടന്ന് ഒരു യുവതാരത്തെ സ്‌ക്വാഡിന്റെ ഭാഗമാക്കിയതെന്ന് വ്യക്തമാക്കുകയാണ് രോഹിത്. പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു മാസം മുമ്പ് തനുഷ് ഇവിടെ കളിച്ചിരുന്നു. കുല്‍ദീപ് യാദവ് നൂറ് ശതമാനം ഫിറ്റല്ല, അദ്ദേഹത്തിന് വിസ പ്രശ്‌നങ്ങളും ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അക്‌സറിന് അടുത്തിടെയാണ് കുഞ്ഞ് ജനിച്ചത്.

അതേസമയം, ഈ പ്രശ്‌നങ്ങളൊന്നും തന്നെ തനുഷ് കോട്ടിയനില്ല, ടീമിന്റെ ഭാഗമാകാന്‍ അവന് സാധിക്കും. ഇവിടെയോ (മെല്‍ബണ്‍) സിഡ്‌നിയിലോ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ ഉറപ്പായും ഒരു ബാക്കപ്പ് ഓപ്ഷന്‍ ഉണ്ടായിരിക്കണം. താന്‍ അതിന് യോഗ്യനാണെന്ന് തനുഷ് ഇതിനോടകം തന്നെ തെളിയിച്ചതാണ്,’ രോഹിത് ശര്‍മ പറഞ്ഞു.

നാലാം ടെസ്റ്റില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളത്തിലിറക്കിയേക്കുമെന്നുള്ള സൂചനയും രോഹിത് നല്‍കിയിരുന്നു.

ആഭ്യന്തര തലത്തില്‍ മുംബൈയുടെ താരമാണ് തനുഷ് കോട്ടിയന്‍. 2023-24 സീസണില്‍ മുംബൈ രഞ്ജി ട്രോഫി കിരീടം നേടിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കാണ് കോട്ടിയന്‍ വഹിച്ചത്. ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുത്തതും ഈ വലംകയ്യന്‍ ഓഫ്‌ബ്രേക്കറെയായിരുന്നു.

ഇതുവരെ 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്. 59 ഇന്നിങ്സില്‍ നിന്നും 101 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 25.70 ശരാശരിയിലും 46.4 സ്ട്രൈക്ക് റേറ്റിലും പന്തെറിയുന്ന കോട്ടിയന്റെ എക്കോണമി 3.31 ആണ്. കരിയറില്‍ മൂന്ന് തവണ ഫൈഫര്‍ നേടിയ താരം അഞ്ച് ഫസ്റ്റ് ക്ലാസ് ഫോര്‍ഫറുകളും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ബാറ്റെടുത്ത 47 ഇന്നിങ്സില്‍ നിന്നും 1525 റണ്‍സാണ് താരം സ്വന്തമാക്കിയത്. 41.21 ശരാശരിയില്‍ ബാറ്റ് വീശുന്ന ഈ 26കാരന്‍ 13 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും സ്വന്തമാക്കി.

അതേസമയം, മെല്‍ബണ്‍, സിഡ്നി ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡിന്റെ ഭാഗമാണെങ്കിലും താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാകാന്‍ സാധ്യത നന്നേ കുറവാണ്. സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡജേയും വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ടെന്നിരിക്കെ ഇവരെ മറികടന്ന് ഇന്ത്യ അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇനിയും അരങ്ങേറ്റം കുറിക്കാത്ത കോട്ടിയനെ പരിഗണിക്കുമെന്ന് കരുതുക വയ്യ.

മെല്‍ബണ്‍, സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ദേവ്ദത്ത് പടിക്കല്‍, തനുഷ് കോട്ടിയന്‍.

Content Highlight: Border Gavaskar Trophy: Rohit Sharma explains why India included Tanush Kotian for remaining test

Latest Stories