മഴ തടസ്സപ്പെടുത്തിയത് നന്നായില്ല, ബോക്‌സിങ് ഡേയില്‍ ഞങ്ങള്‍ പലതും ചെയ്തുകാണിക്കും; തുറന്നടിച്ച് രോഹിത്
Sports News
മഴ തടസ്സപ്പെടുത്തിയത് നന്നായില്ല, ബോക്‌സിങ് ഡേയില്‍ ഞങ്ങള്‍ പലതും ചെയ്തുകാണിക്കും; തുറന്നടിച്ച് രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th December 2024, 4:58 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. അഞ്ചാം ദിവസവും വില്ലനായി മഴയെത്തിയതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തി ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 89 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 275 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോഴാണ് മഴയെത്തിയതും മത്സരം സമനിലയില്‍ അവസാനിച്ചതും.

സ്‌കോര്‍

ഓസ്ട്രേലിയ: 445 & 89/7

ഇന്ത്യ: 260 & 8/0 (T: 275)

മത്സരത്തിന്റെ ആദ്യ ദിവസവും മഴ രസംകൊല്ലിയായി എത്തിയിരുന്നു. വളരെ കുറച്ച് ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം എറിയാന്‍ സാധിച്ചത്. ഇതോടെ 35,000ലധികം വരുന്ന കാണികള്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ബന്ധിതരായിരുന്നു.

മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചെങ്കിലും മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് പറയുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി നില്‍ക്കവെ മെല്‍ബണിലേക്കിറങ്ങുന്നത് മികച്ചതാണെന്നാണ് രോഹിത് പറയുന്നത്.

മൂന്നാം ടെസ്റ്റിന് പിന്നാലെ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

‘ഇത്തരത്തിലുള്ള തടസ്സങ്ങളുണ്ടാകുന്നത് ഒരിക്കലും നല്ലതല്ല. പക്ഷേ 1-1 എന്ന നിലയില്‍ മെല്‍ബണ്‍ ടെസ്റ്റിനിറങ്ങുന്നത് മികച്ചതാണ്. മെല്‍ബണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഇത് നല്‍കുന്നു,’ രോഹിത് ശര്‍മ പറഞ്ഞു.

എല്ലാ വര്‍ഷവും ക്രിസ്തുമസ് ദിനത്തിന് പിറ്റേ ദിവസമാണ് ഓസ്‌ട്രേലിയ ചരിത്രപ്രസിദ്ധമായ ബോക്‌സിങ് ഡേ ടെസ്റ്റിനിറങ്ങുക. എല്ലാ ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ക്കും മെല്‍ബണ്‍ തന്നെയാണ് വേദിയാകാറുള്ളത്. ബോക്‌സിങ് ഡേ ടെസ്റ്റ് എന്നത് ഓസീസിന്റെ ക്രിക്കറ്റ് സംസ്‌കാരത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മത്സരമായതിനാല്‍ തന്നെ കങ്കാരുക്കളെ സംബന്ധിച്ച് ഇത് അഭിമാനപ്പോരാട്ടവുമാണ്.

2023ല്‍ പാകിസ്ഥാനെയും 2022ല്‍ സൗത്ത് ആഫ്രിക്കയെയും 2021ല്‍ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയ ഓസീസിന് അവസാനമായി ബോക്‌സിങ് ഡേ ടെസ്റ്റില്‍ അടി തെറ്റിയത് 2020ല്‍ ഇന്ത്യയോടാണ്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റാണ് മെല്‍ബണില്‍ ബോക്‌സിങ് ഡേയില്‍ നടന്നത്. നായകന്‍ അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

ഇതിന് മുമ്പും ഇന്ത്യ തന്നെയാണ് മെല്‍ബണില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. 2018ല്‍. അന്ന് ജസ്പ്രീത് ബുംറയുടെ കരുത്തില്‍ ഇന്ത്യ 137 റണ്‍സിനാണ് വിജയിച്ചുകയറിയത്. തൊട്ടടുത്ത വര്‍ഷം 2019ല്‍ കങ്കാരുക്കള്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ബോക്‌സിങ് ഡേ ടെസ്റ്റിലെ ഹാട്രിക് നേട്ടം കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ നാലാം മത്സരത്തിനൊരുങ്ങുന്നത്.

 

Content highlight: Border Gavaskar Trophy: Rohit Sharma about Melbourne test