| Friday, 29th November 2024, 10:26 am

കരുത്തരായ ഓസീസിനെ നേരിടുന്നത് ഏറെ വെല്ലുവിളി നിറഞ്ഞത്; രണ്ടാം ടെസ്റ്റിന് മുന്നോടിയായി രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പിങ്ക് ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കാന്‍ബറയിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും പെര്‍ത്ത് ടെസ്റ്റിനെക്കുറിച്ചും സംസാരിച്ചിരുന്നു.

പിച്ചിലും പുറത്തും ഓസ്‌ട്രേലിയയുമായുള്ള സൗഹൃദത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രത്യേക പരാമര്‍ശം നടത്തി. ഓസ്‌ട്രേലിയന്‍ ജനങ്ങളുടെ ക്രിക്കറ്റ് മനോഭാവം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഹിറ്റ്മാന്‍ പറഞ്ഞു.

‘ഇന്ത്യക്കും ഓസ്‌ട്രേലിയയ്ക്കും സ്‌പോര്‍ട്‌സിലും വ്യാപാരത്തിലും ദീര്‍ഘകാല ബന്ധമാണുള്ളത്. ഞങ്ങള്‍ ഇവിടെ ക്രിക്കറ്റ് കളിക്കുന്നത് വളരെ ആസ്വദിക്കുന്നുണ്ട്. ഇവിടത്തെ ആരാധകരുടെ ആവേശവും കളിക്കാരുടെ മത്സര ശൈലിയും കാരണം ഓസ്‌ട്രേലിയ ഒരു വെല്ലുവിളി നിറഞ്ഞ ടീമാണ്.

ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെ നേരിടുന്നതില്‍ ഏറെ സന്തോഷവും അതിലുപരി സമ്മര്‍ദവുമുണ്ട്,’ രോഹിത് ശര്‍മ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഓസ്ട്രേലിയ സന്ദര്‍ശിക്കാനുള്ള തന്റെ ഇഷ്ട്ടവും ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമുള്ള ഓസ്‌ട്രേലിന്‍ സ്നേഹവും ക്യാപ്റ്റന്‍ സൂചിപ്പിച്ചു.

‘കരുത്തരായ ഓസീസിനെ നേരിടുന്നത് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കൂടാതെ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുണ്ടാകുന്ന മത്സരങ്ങള്‍ ലോക ക്രിക്കറ്റ് ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ്.

അത്തരമൊരു സാഹചര്യത്തില്‍ എതിരാളികളെ നേരിടാന്‍ വേണ്ടി ഇന്ത്യന്‍ ടീം അംഗങ്ങള്‍ നേരിടേണ്ടിവരുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘അടുത്തിടെ നടന്ന പെര്‍ത്ത് ടെസ്റ്റില്‍ ഞങ്ങള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിജയം സ്വന്തമാക്കി. ഇതേ രീതിയില്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിലുപരി ഓസീസ് സംസ്‌കാരം ആസ്വദിക്കാനും ഞങ്ങള്‍ തയ്യാറാണ്.

ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍ക്കും ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്കും ഞങ്ങള്‍ നല്ല രീതിയിലുള്ള ക്രിക്കറ്റ് അനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും നന്നായി കളിക്കാന്‍ ഞങ്ങള്‍ തയാറാണ്. ഞങ്ങളെ ക്ഷണിച്ചതിന് നന്ദി,’ രോഹിത് കൂട്ടിച്ചേര്‍ത്തു.

രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തി ഹിറ്റ്മാന്‍

പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഓസിസ് പടയ്ക്കെതിരെ 295 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ആദ്യ ടെസ്റ്റില്‍ തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ പട ഓസീസിനെ തല്ലിയൊതുക്കി.

ഒന്നാം ടെസ്റ്റില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യന്‍ ടീം അഡ്‌ലെയ്ഡില്‍ ഇറങ്ങുക. ഇന്ത്യയെ പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഓസിസ് പട. ഡിസംബര്‍ ആറു മുതല്‍ അഡ്ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

ഓസ്ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്‌സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

Content Highlight: Border Gavaskar Trophy: Rohit Sharma about 2nd test

Latest Stories

We use cookies to give you the best possible experience. Learn more