ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയാണ് എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് മറികടന്ന് ലീഡ് ഉയര്‍ത്താനെത്തിയ കങ്കാരുക്കളെ 181 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ പരമ്പരയിലെ അവസാന ടെസ്റ്റില്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്.
യശസ്വി ജെയ്‌സ്വാള്‍ ആദ്യ ഓവറില്‍ ആളിക്കത്തി പിന്നാലെ കെട്ടുപോയപ്പോള്‍ കെ.എല്‍. രാഹുലിനും ശുഭ്മന്‍ ഗില്ലിനും തിളങ്ങാന്‍ സാധിച്ചില്ല. ആദ്യ ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ നാല് ഫോറടിച്ച് 16 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ 35 പന്ത് നേരിട്ട് 22 റണ്‍സുമായി പുറത്തായി. 13 റണ്‍സ് വീതമടിച്ചാണ് കെ.എല്‍. രാഹുലും ശുഭ്മന്‍ ഗില്ലും മടങ്ങിയത്.
ഇത്തവണയും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ബാറ്റ് വെച്ച് വിരാട് പുറത്തായി. വെറും ആറ് റണ്‍സ് മാത്രമാണ് വിരാട് കോഹ്‌ലിക്ക് നേടാന്‍ സാധിച്ചത്.
അഞ്ചാം നമ്പറില്‍ റിഷബ് പന്ത് എത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ഒന്നിന് പിന്നാലെ ഒന്നായി ബൗണ്ടറികളടിച്ച് പന്ത് തിളങ്ങി.
നേരിട്ട 29ാം പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ പന്ത് 33 പന്തില്‍ 61 റണ്‍സുമായി തിരിച്ചുനടന്നു.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും പന്തിനെ തേടിയെത്തി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് പന്ത് റെക്കോഡിട്ടത്. 28 പന്തില്‍ ഫിഫ്റ്റിയടിച്ച പന്ത് തന്നെയാണ് റെക്കോഡ് നേട്ടത്തില്‍ ഒന്നാമന്‍.
(താരം – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനാവശ്യമായ പന്തുകള്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
റിഷബ് പന്ത് – 28 – ശ്രീലങ്ക – 2022
റിഷബ് പന്ത് – 29 – ഓസ്‌ട്രേലിയ – 2025*
കപില്‍ ദേവ് – 30 – പാകിസ്ഥാന്‍ – 1982
ഷര്‍ദുല്‍ താക്കൂര്‍ – 31 – ഇംഗ്ലണ്ട് – 2021
യശസ്വി ജെയ്‌സ്വാള്‍ – 31 – ബംഗ്ലാദേശ് – 2024
അതേസമയം, 25 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 132 റണ്‍സിന് മുമ്പിലാണ് നിലവില്‍ ഇന്ത്യ. 22 പന്തില്‍ രണ്ട് റണ്‍സുമായി രവീന്ദ്ര ജഡേജയും 13 പന്തില്‍ നാല് റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.
Content Highlight: Border – Gavaskar Trophy: Rishabh Pant scored 2nd fastest 50 in test format