ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹുക്ക് ഷോട്ടുകളും പുള്‍ ഷോട്ടുകളും കളിച്ചിരുന്ന താരമായിരുന്നു രോഹിത് എന്നും എന്നാല്‍ നിലവില്‍ അങ്ങനെ അല്ലെന്നും പോണ്ടിങ് വിമര്‍ശിച്ചു.
‘അദ്ദേഹം തീര്‍ത്തും മടിയനായിരുന്നു, സ്വിച്ച് ചെയ്യാന്‍ ശ്രമിച്ചതേ ഇല്ല. അവന്‍ കളിച്ച ഷോട്ട് വളരെ വിചിത്രമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചതുമുതല്‍ ഏറ്റവും മികച്ച ഹുക്ക് ഷോട്ടുകളും പുള്‍ ഷോട്ടുകളും കളിക്കുന്ന താരങ്ങളില്‍ ഒരാളായിരുന്നു രോഹിത്. എന്നാല്‍ നിലവില്‍ അങ്ങനെയല്ല,’ പോണ്ടിങ്ങിന്റെ വാക്കുകളെ ഉദ്ധരിച്ച് സെവന്‍ ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തു.
കളിക്കളത്തില്‍ രോഹിത്തിന് മികച്ച തീരുമാനങ്ങളെടുക്കാന്‍ സാധിക്കണമെന്നും അല്ലാത്ത പക്ഷം ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ വീണ്ടും വീണ്ടും വിക്കറ്റ് നേടുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
രണ്ടാം ഓവറിലെ അവസാന പന്തിലാണ് രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമാകുന്നത്. അഞ്ച് പന്തില്‍ വെറും മൂന്ന് റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്തായത്. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്‌കോട് ബോളണ്ടിന് ക്യാച്ച് നല്‍കിയായിരുന്നു രോഹിത്തിന്റെ മടക്കം.
ഈ പരമ്പരയില്‍ രോഹിത്തിന്റെ മോശം പ്രകടനങ്ങള്‍ തുടരുകയാണ്. ആകെ കളിച്ച നാല് ഇന്നിങ്‌സില്‍ മൂന്ന് തവണയും ഒറ്റയക്കത്തിനാണ് താരം പുറത്തായത്. പത്ത് റണ്‍സിനാണ് നാലാം ഇന്നിങ്‌സില്‍ താരം പുറത്തായത്.
5.50 ശരാശരിയില്‍ 22 റണ്‍സ് മാത്രമാണ് ഈ പരമ്പരയില്‍ രോഹിത് സ്വന്തമാക്കിയത്.
അതേസമയം, മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. ഏഴ് പന്തില്‍ ആറ് റണ്‍സുമായി റിഷബ് പന്തും ഏഴ് പന്തില്‍ നാല് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
Stumps on Day 2 in Melbourne!#TeamIndia move to 164/5, trail by 310 runs
സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിന്റെ ചെറുത്തുനില്‍പ്പാണ് രണ്ടാം ദിവസം ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്. 118 പന്തില്‍ 82 റണ്‍സ് നേടി നില്‍ക്കവെ നിര്‍ഭാഗ്യകരമായ രീതിയില്‍ താരം പുറത്താവുകയായിരുന്നു. 86 പന്തില്‍ 36 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇതുവരെയുള്ള മികച്ച റണ്‍ ഗെറ്റര്‍.
കെ.ഐല്‍. രാഹുല്‍ 42 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ നൈറ്റ് വാച്ച്മാനായി കളത്തിലിറങ്ങിയ ആകാശ് ദീപ് 13 പന്ത് നേരിട്ട് പൂജ്യത്തിനും പുറത്തായി.