ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ യുവതാരം ശുഭ്മന്‍ ഗില്‍ സ്‌ക്വാഡിനൊപ്പം ചേരാന്‍ സാധ്യത. രണ്ടാം ടെസ്റ്റിന് മുന്നോടിയായി താരം ആരോഗ്യം വീണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗില്‍ നിലവില്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. കൈവിരലിനേറ്റ പരിക്കാണ് താരത്തെ ആദ്യത്തെ മത്സരത്തില്‍ നിന്നും പിന്നോട്ട് വലിച്ചത്.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഗില്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ആദ്യ മത്സരത്തിന്റെ ഭാഗമല്ലാതിരുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും അഡ്‌ലെയ്ഡില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയേക്കും.
അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരെ സന്നാഹ മത്സരം കളിക്കും. മനൂക ഓവലിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പിങ്ക് ബോളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ മറികടക്കാന്‍ ഈ മത്സരം ടീമിനെ സഹായിച്ചേക്കും.
അതേസമയം, ആദ്യ മത്സരത്തിലെ പ്രകടനം ആവര്‍ത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ആദ്യ മത്സരത്തില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം നേടി ഗാബക്ക് ശേഷം പെര്‍ത്തും കീഴടക്കിയ ഇന്ത്യ അഡ്ലെയ്ഡിലും അതേ ഡോമിനന്‍സ് ആവര്‍ത്തിക്കാനാണ് ഒരുങ്ങുന്നത്.
പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 535 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 238ന് പുറത്താവുകയായിരുന്നു.
യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ എന്നിവരുടെ ബാറ്റിങ് കരുത്തിനൊപ്പം ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ബൗളിങ് യൂണിറ്റും കത്തിക്കയറിയപ്പോള്‍ ഇന്ത്യ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച എവേ വിജയം സ്വന്തമാക്കി.
ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് രണ്ടാം ടെസ്റ്റ്.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ തിരിച്ചുവരാനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. അതേസമയം, രണ്ടാം മത്സരത്തിലും വിജയിച്ച് ആതിഥേയരെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിടാനാകും ഇന്ത്യയുടെ ശ്രമം.