ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെ അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനായുള്ള മുന്നൊരുക്കത്തിലാണ് ഇരു ടീമുകളും.
പിങ്ക് ബോള്‍ ടെസ്റ്റ് ഓസ്‌ട്രേലിയയുടെ ഉരുക്കുമുഷ്ടികളിലൊന്നാണ്. ഇതുവരെ കളിച്ച 12 മത്സരത്തില്‍ 11 മത്സരത്തിലും ഓസ്‌ട്രേലിയ വിജയിച്ചിട്ടുണ്ട്. ഒരു മത്സരത്തില്‍ മാത്രമാണ് ടീം പരാജയപ്പെട്ടത്. 91.67 എന്നതാണ് പിങ്ക് ബോള്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയുടെ വിജയശതമാനം.
ഇന്ത്യ ഇതുവരെ നാല് പിങ്ക് ബോള്‍ ടെസ്റ്റുകളാണ് കളിച്ചത്. ഇതില്‍ മൂന്നെണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. പിങ്ക് ബോളില്‍ 75 ശതമാനം വിജയമുള്ള ഇന്ത്യ പരാജയപ്പെട്ടത് ഓസ്‌ട്രേലിയക്കെതിരെയാണ്. ആ പരാജയമാകട്ടെ ഇന്ത്യന്‍ ആരാധകര്‍ മറക്കാന്‍ ആഗ്രഹിക്കുന്നതും!
2020ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് പിങ്ക് ബോളില്‍ ഇന്ത്യയുടെ പരാജയം കുറിക്കപ്പെട്ടത്. എന്നാല്‍ ഈ പരാജയത്തേക്കാളുപരി ഒരു മോശം നേട്ടത്തിന്റെ പേരിലാണ് ഈ മത്സരം ഇന്ത്യന്‍ ആരാധകര്‍ ഓര്‍ത്തുവെക്കുന്നത്.
ഇന്ത്യ 36 റണ്‍സിന് ഓള്‍ ഔട്ടായ അതേ മത്സരമാണിത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും ഇരട്ടയക്കം കണ്ടിരുന്നില്ല. ഒമ്പത് റണ്‍സ് നേടിയ മായങ്ക് അഗര്‍വാളായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഒരു ടെസ്റ്റ് ഇന്നിങ്‌സിലെ ഏറ്റവും ചെറിയ ടോട്ടലെന്ന അനാവശ്യ റെക്കോഡും ഇതോടെ ഇന്ത്യക്ക് സ്വന്തമായിരുന്നു.
പിങ്ക് ബോള്‍ ടെസ്റ്റ്
ഇതുവരെ 22 പിങ്ക് ബോള്‍ ടെസ്റ്റുകളാണ് ആകെ കളിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവുമധികം മത്സരം കളിച്ചതിന്റെ റെക്കോഡ് ഓസ്‌ട്രേലിയക്കാണ്, 12 മത്സരങ്ങള്‍. ഒറ്റ മത്സരം മാത്രം കളിച്ച സിംബാബ്‌വേയും ബംഗ്ലാദേശുമാണ് ഇക്കൂട്ടത്തില്‍ കുറവ് മത്സരം കളിച്ച ടീമുകള്‍.
അതേസമയം, 2020ലെ ഓര്‍മകള്‍ വേട്ടയാടുന്നുണ്ടെങ്കിലും പെര്‍ത്തിലെ അതേ ഡോമിനേഷന്‍ അഡ്‌ലെയ്ഡിലും പുറത്തെടുക്കാനാകും ഇന്ത്യ ഒരുങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിയത്തുമ്പോള്‍ ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ നിന്നും സാരമായ മാറ്റങ്ങളുണ്ടായേക്കും. ആ മാറ്റങ്ങള്‍ ഇന്ത്യക്ക് ഗുണകരമായി ഭവിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Border Gavaskar Trophy: Pink Ball Test