|

ഓസ്‌ട്രേലിയക്ക് ട്രാവിസ് ഹെഡും മാര്‍ഷുമെന്ന പോലെയാണ് ഇന്ത്യക്ക് ആ താരം; അവനെ അടക്കി നിര്‍ത്തണം: പാറ്റ് കമ്മിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഓസ്‌ട്രേലിയയാണ് ഇത്തവണ പരമ്പരക്ക് വേദിയാകുന്നത്. കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയായാണ് ബി.ജി.ടി ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്.

പരമ്പരയെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം പേടിക്കേണ്ട താരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷബ് പന്താണെന്നും ഒറ്റയ്ക്ക് മത്സരം തിരിക്കാന്‍ താരത്തിന് സാധിക്കുമെന്നും കമ്മിന്‍സ് പറയുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കമ്മിന്‍സ് പന്തിനെ കുറിച്ച് സംസാരിച്ചത്.

‘ഓരോ ടീമിലും മത്സരം മാറ്റി മറിക്കാന്‍ സാധിക്കുന്ന ഒന്നോ രണ്ടോ താരങ്ങളുണ്ടാകും. ഓസ്‌ട്രേലിയന്‍ ടീമിനെ സംബന്ധിച്ച് ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും അത്തരത്തിലുള്ള താരങ്ങളാണ്. അഗ്രസ്സീവായാണ് അവര്‍ കളിക്കുന്നത്.

റിഷബ് പന്തിനും ഇതേ പ്രകടനം പുറത്തെടുക്കാനുള്ള കഴിവുണ്ട്. അവന്റെ റിവേഴ്‌സ് സ്ലാപ് ഷോട്ടുകളെല്ലാം തന്നെ അതിമനോഹരമാണ്.

മുമ്പ് നടന്ന ചില പരമ്പരകളില്‍ അവന്‍ തന്റെ ഇംപാക്ട് വ്യക്തമാക്കിയിട്ടുണ്ട്. അവനെ അടക്കി നിര്‍ത്താനായിരിക്കണം ഞങ്ങള്‍ ശ്രമിക്കേണ്ടത്,’ കമ്മിന്‍സ് പറഞ്ഞു.

പരിക്കിന് പിന്നാലെ അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയ റിഷബ് പന്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്.

കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് പന്ത് നേടിയത്. ഇതോടെ ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ എം.എസ്. ധോണിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും താരത്തിനായി.

അതേസമയം, നവംബര്‍ 22നാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് തുടക്കമാകുന്നത്. പെര്‍ത്തിലെ ഒപ്റ്റസ് സ്‌റ്റേഡിയമാണ് വേദി.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ അവസാന പരമ്പരയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ആധികാരികമായി തന്നെ ഫൈനലില്‍ പ്രവേശിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

നാലാം ടെസ്റ്റ് / ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

Content Highlight: Border – Gavaskar Trophy: Pat Cummins about Rishabh Pant

Latest Stories