| Tuesday, 26th November 2024, 12:23 pm

ഒന്നാം റാങ്ക് ടീം ഇപ്പോഴും ഞങ്ങള്‍ തന്നെ, ഒരാഴ്ചകൊണ്ട് ഒന്നും മാറാന്‍ പോണില്ല; തോല്‍വിയില്‍ പ്രതികരിച്ച് ഓസീസ് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. 295 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്ക് നേരിടേണ്ടി വന്നത്. പെര്‍ത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് പരാജയമാണിത്.

ഇന്ത്യ ഉയര്‍ത്തിയ 535 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് 238 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ഒഴികെയുള്ള എല്ലാ ഓസീസ് താരങ്ങളും ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുമ്പില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെ മുട്ടുമടക്കി.

സ്‌കോര്‍

ഇന്ത്യ: 150 & 487/6d

ഓസ്‌ട്രേലിയ: 104 & 238 (T:534)

ഈ പരാജയത്തില്‍ പ്രതികരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഒരു ടീം എന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കുകയാണെന്നും നിലവില്‍ ഒന്നാം നമ്പര്‍ ടീം തങ്ങള്‍ തന്നെയാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ പരസ്പരം പരിഗണിക്കുന്നു. ബാറ്റര്‍മാര്‍ ഞങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യങ്ങളിലേക്ക് പല മത്സരങ്ങളിലും കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്, ഞങ്ങള്‍ ബൗളര്‍മാര്‍ തിരിച്ചും. ഞങ്ങള്‍ മികച്ച ടീം തന്നെയാണ്. ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചലഞ്ചുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഒന്നിച്ചുതന്നെ നില്‍ക്കും.

എനിക്ക് തോന്നുന്നത് ഞങ്ങള്‍ തന്നെയാണ് നിലവില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടീം എന്ന്. ഈ ആഴ്ചയില്‍ അത് മാറാന്‍ പോകുന്നില്ല,’ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

ഈ പരാജയത്തിന് ശേഷവും ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഓസ്‌ട്രേലിയ. അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ കങ്കാരുക്കള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

15 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമായി 61.11 എന്ന പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. അതേസമയം, 57.69ലേക്ക് കങ്കാരുപ്പടയുടെ പി.സി.ടി വീണു.

13 മത്സരത്തില്‍ നിന്നും എട്ട് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് ഓസ്‌ട്രേലിയക്കുള്ളത്. ഈ സൈക്കിളില്‍ പത്ത് പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടതും ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി.

അതേസമയം, പെര്‍ത്തിലെ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പര.ില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. അഡ്‌ലെയ്ഡാണ് വേദി.

Content Highlight: Border Gavaskar trophy: Pat Cummins about defeat in 1st test

We use cookies to give you the best possible experience. Learn more