ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയിച്ച് ആതിഥേയര്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു.
ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യ, അഡ്‌ലെയ്ഡില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചെങ്കിലും അതുണ്ടായില്ല. ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം കങ്കാരുക്കള്‍ വിയര്‍ക്കാതെ മറികടന്നു.
സ്‌കോര്‍
ഇന്ത്യ: 180 & 175
ഓസ്‌ട്രേലിയ: 337 & 19/0 (T: 19)
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അടക്കമുള്ള ഇന്ത്യയുടെ പരിചയസമ്പന്നരായ ബാറ്റിങ് നിര പാടെ തകര്‍ന്നടിഞ്ഞപ്പോള്‍ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ചെറുത്തുനില്‍പാണ് ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് തുണയായത്. നിതീഷിന്റെ ചെറുത്തുനില്‍പ് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യക്ക് ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടിയും വന്നേനെ.
ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വീതം സിക്‌സറും ഫോറുമായി 54 പന്തില്‍ 42 റണ്‍സാണ് താരം നേടിയത്. രണ്ടാം ഇന്നിങ്‌സിലും 42 റണ്‍സ് റെഡ്ഡിയുടെ ബാറ്റില്‍ നിന്നും പിറവിയെടുത്തു. ആറ് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
രണ്ടാം ഇന്നിങ്‌സില്‍ നേടിയ സിക്‌സറിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും റെഡ്ഡിയെ തേടിയെത്തി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് റെഡ്ഡി സ്വന്തമാക്കിയത്.
പരമ്പരയില്‍ ഇനിയും മൂന്ന് മത്സരങ്ങള്‍ ശേഷിക്കവെയാണ് നിതീഷ് കുമാര്‍ റെഡ്ഡി ഈ നേട്ടത്തിലെത്തിയത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
(താരം – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
നിതീഷ് കുമാര്‍ റെഡ്ഡി – 7* – 2024
വിരേന്ദര്‍ സേവാഗ് – 6 – 2003
മുരളി വിജയ് – 6 – 2014
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 5 – 2007
രോഹിത് ശര്‍മ – 5 – 2014
മായങ്ക് അഗര്‍വാള്‍ – 5 – 2018
റിഷബ് പന്ത് – 5 – 2018
ഇന്ത്യന്‍ ബാറ്റര്‍മാര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട മത്സരത്തില്‍ ട്രാവിസ് ഹെഡ് അടക്കമുള്ളവര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ കൊടുങ്കാറ്റായി പെയ്തിറങ്ങുകയായിരുന്നു.
പേസര്‍മാരുടെ കരുത്തിലാണ് ഓസ്‌ട്രേലിയ അഡ്‌ലെയ്ഡില്‍ വിജയിച്ചുകയറിയത്. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഇന്ത്യയുടെ 20 വിക്കറ്റുകളും സ്വന്തമാക്കിയത് ഓസ്‌ട്രേലിയയുടെ സ്പീഡ്സ്റ്റര്‍മാരായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക് ആറ് വിക്കറ്റ് നേടിയപ്പോള്‍ സ്‌കോട് ബോളണ്ടും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ഫൈഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബോളണ്ട് മൂന്ന് വിക്കറ്റും സ്റ്റാര്‍ക് രണ്ട് വിക്കറ്റും സ്വന്തമാക്കി.
ഡിസംബര്‍ 14നാണ് പരമ്പരയിലെ മൂന്നാം മത്സരം. ഗാബയാണ് വേദി.
Content Highlight: Border Gavaskar Trophy: Nitish Kumar Reddy tops the list of most sixes by an Indian batter against Australia in a test series