ഈ സെഞ്ച്വറി മുന്‍ സെലക്ടറുടെ മുഖത്തേറ്റ അടി; കരിയര്‍ തിരുത്തിക്കുറിച്ച് റെഡ്ഡി
Sports News
ഈ സെഞ്ച്വറി മുന്‍ സെലക്ടറുടെ മുഖത്തേറ്റ അടി; കരിയര്‍ തിരുത്തിക്കുറിച്ച് റെഡ്ഡി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th December 2024, 11:59 am

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റില്‍ സെഞ്ച്വറിയുമായി തിളങ്ങി യുവതാരം നിതീഷ് കുമാര്‍ റെഡ്ഡി. കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് താരം ബോക്‌സിങ് ഡേ ടെസ്റ്റില്‍ സ്വന്തമാക്കിയത്. തന്റെ ആദ്യ അര്‍ധ സെഞ്ച്വറി തന്നെ സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്യാനും നിതീഷ് കുമാര്‍ റെഡ്ഡിക്ക് സാധിച്ചു.

രോഹിത് ശര്‍മയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ട അതേ പിച്ചിലാണ് താരം സെഞ്ച്വറിയുമായി തിളങ്ങിയത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സ്‌കോട് ബോളണ്ടിനെ ബൗണ്ടറി കടത്തിയാണ് റെഡ്ഡി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ചോദ്യം ചെയ്ത മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദിന് മറുപടി നല്‍കാനും നിതീഷിനായി. നിതീഷ് ഒരു പ്രോപ്പര്‍ ബാറ്ററോ ബൗളറോ അല്ലെന്നും നിതീഷിനെക്കൊണ്ട് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു പ്രസാദിന്റെ കമന്റ്.

‘നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യന്‍ ടീമില്‍ കണ്‍ഫ്യൂഷനുണ്ടാക്കുകയാണ്. അവനൊരു കംപ്ലീറ്റ് ബൗളറോ ബാറ്ററോ അല്ല, ഇവന്റെ ഈ സ്‌കില്ലുകള്‍ ഉപയോഗിച്ച് ഇന്ത്യയ്ക്ക് ഒരിക്കലും മത്സരം വിജയിക്കാന്‍ സാധിക്കില്ല. മറ്റേതെങ്കിലും ഒരു സ്പെഷ്യലിസ്റ്റ് താരത്തെ ടീമിന്റെ ഭാഗമാക്കുന്നതാണ് നല്ലത്.

നാലാം ടെസ്റ്റില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ ഭാഗമാകണമെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ ബാറ്റിങ്ങിനെ കുറിച്ചാണ് മാനേജ്മെന്റ് ചിന്തിച്ചത്, വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. രണ്ട് സ്പിന്നര്‍മാരുടെ ഒരാവശ്യവും ഇല്ല. ഹര്‍ഷിത് റാണയോ പ്രസിദ്ധ് കൃഷ്ണയോ ഒരു മികച്ച ഓപ്ഷനാകുമായിരുന്നു,’ പ്രസാദ് പറഞ്ഞു.

ഈ പരമ്പരയിലെ ആദ്യ മത്സരം മുതല്‍ക്കുതന്നെ പല സൂപ്പര്‍ താരങ്ങളേക്കാളും മികച്ച പ്രകടനമാണ് നിതീഷ് കുമാര്‍ നടത്തുന്നത്. പെര്‍ത്തിലെ ആദ്യ ഇന്നിങ്സില്‍ 59 പന്തില്‍ 41 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്സില്‍ പുറത്താകാതെ 38 റണ്‍സും സ്വന്തമാക്കി.

രോഹിത് ശര്‍മ ക്യാപ്റ്റനായി തിരിച്ചെത്തിയ രണ്ടാം മത്സരത്തിലെ രണ്ട് ഇന്നിങ്സിലും 42 റണ്‍സ് വീതമാണ് താരം ഇന്നിങ്സിലേക്ക് ചേര്‍ത്തുവെച്ചത്. രണ്ട് ഇന്നിങ്സിലേയും ടോപ് സ്‌കോറര്‍ നിതീഷ് തന്നെയായിരുന്നു.

രോഹിത്തും വിരാടും പന്തും അടക്കമുള്ള വമ്പന്‍ താരങ്ങള്‍ പരാജയപ്പെട്ടിടത്താണ് നിതീഷ് ചെറുത്തുനിന്നത്. ഇന്ത്യ ഇന്നിങ്സ് തോല്‍വി ഒഴിവാക്കിയതും നിതീഷിന്റെ ചെറുത്തുനില്‍പ്പിലാണ്.

ബ്രിസ്ബെയ്നില്‍ 16 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചതെങ്കിലും താരം നേരിട്ട 61 പന്തുകള്‍ മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു.

മെല്‍ബണിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സൂപ്പര്‍ താരം വാഷിങ്ടണ്‍ സുന്ദറിനെ ഒപ്പം കൂട്ടി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് റെഡ്ഡി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 127 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലിലേക്ക് സംഭാവന ചെയ്ത്.

ഒരു എവേ ടെസ്റ്റില്‍ എട്ടാം വിക്കറ്റിലെ ഏറ്റവുമുയര്‍ന്ന ഇന്ത്യയുടെ മൂന്നാമത് കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

ടീം സ്‌കോര്‍ 348ല്‍ നില്‍ക്കവെ വാഷിങ്ടണിനെ പുറത്താക്കി നഥാന്‍ ലിയോണാണ് കൂട്ടുകെട്ട് പൊളിച്ചത്. 162 പന്ത് നേരിട്ട് 50 റണ്‍സുമായാണ് താരം മടങ്ങിയത്.

 

 

Content highlight: Border Gavaskar Trophy: Nitish Kumar Reddy scored maiden century