ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടണമെന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം നഥാന്‍ ലിയോണ്‍. വിരാട് കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ബാറ്ററാണെന്ന് അഭിപ്രായപ്പെട്ട ലിയോണ്‍ തനിക്ക് വിരാടിനോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും പറഞ്ഞു.
പരമ്പരക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലിയോണ്‍.
‘ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിരാടിന്റെ റെക്കോഡ് നേട്ടങ്ങള്‍ പരിശോധിക്കുക. നിങ്ങള്‍ക്കൊരിക്കലും വിരാട് കോഹ്‌ലിയെ പോലെ ഒരു താരത്തെ എഴുതിത്തള്ളാന്‍ സാധിക്കില്ല.
എനിക്ക് വിരാട് കോഹ്‌ലിയോട് ബഹുമാനം മാത്രമാണുള്ളത്. എങ്കിലും എനിക്ക് അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തണം. അതൊരിക്കലും എളുപ്പമല്ല എന്ന കാര്യത്തില്‍ എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.
അദ്ദേഹവും സ്റ്റീവ് സ്മിത്തുമാണ് കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാര്‍. വിരാടിനെതിരെ പന്തെറിയുന്നത് ഞാന്‍ എല്ലായ്‌പ്പോഴും ആസ്വദിച്ചിരുന്നു,’ ലിയോണ്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരെ സ്വന്തം തട്ടകത്തിലേറ്റുവാങ്ങിയ പരാജയത്തില്‍ ഇന്ത്യയെ ഒരിക്കലും വിലകുറച്ചു കാണുന്നില്ലെന്നും ലിയോണ്‍ അഭിപ്രായപ്പെട്ടു.
‘ഇന്ത്യ വളരെ അപകടകാരികളായ ടീമാണ്. മികച്ച താരങ്ങളും അവര്‍ക്കൊപ്പമുണ്ട്. അനുഭവസമ്പത്തുള്ള താരങ്ങളും യുവനിരയുമായി മികച്ച ടീമാണ് അവര്‍ക്കുള്ളത്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ തങ്ങള്‍ക്കെതിരെ പുറത്തെടുക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ലിയോണ്‍ പറഞ്ഞു.
വിരാട് കോഹ്‌ലിയുടെ ഫോം തന്നെയായിരിക്കും പരമ്പരയുടെ വിധി നിര്‍ണയിക്കുകയെന്ന് മാത്യു ഹെയ്ഡന്‍ അടക്കമുള്ള താരങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച ട്രാക്ക് റെക്കോഡുകളാണ് വിരാടിന്റെ പേരിലുള്ളത്. ബി.ജി.ടിയില്‍ കളിച്ച 42 ഇന്നിങ്‌സില്‍ നിന്നും 52.25 ശരാശരിയില്‍ 1,979 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. എട്ട് സെഞ്ച്വറിക്കൊപ്പം അഞ്ച് അര്‍ധ സെഞ്ച്വറിയും വിരാട് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
ഈ പരമ്പരയില്‍ പല നേട്ടങ്ങളും വിരാടിനെ കാത്തിരിക്കുന്നുണ്ട്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം. എട്ട് സെഞ്ച്വറിയുമായി സെഞ്ച്വറി വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള വിരാടിന് തകര്‍ക്കാനുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ്.
പരമ്പരയില്‍ ഒരു സെഞ്ച്വറി കണ്ടെത്താന്‍ സാധിച്ചാല്‍ വിരാടിന് സച്ചിനൊപ്പമെത്താനും മറ്റൊന്നുകൂടി നേടിയാല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടക്കാനും വിരാടിന് സാധിക്കും. ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും എട്ട് സെഞ്ച്വറിയുമായി രണ്ടാം സ്ഥാനത്തുണ്ട്.
Content Highlight: Border-Gavaskar Trophy: Nathan Lyon praises Virat Kohli