ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് പരമ്പര നഷ്ടപ്പെടാതെ കാക്കാന്‍ വിജയം അനിവാര്യമാണ്. അതേസമയം, സിഡ്നിയില്‍ സമനില നേടിയാല്‍ പോലും ഓസ്ട്രേലിയക്ക് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ സാധിക്കും.
എന്നാല്‍ ആതിഥേയരുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് സിഡ്‌നിയില്‍ കാണുന്നത്. മത്സരത്തിന്റെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ആതിഥേയര്‍ ലീഡ് നേടാനുള്ള കഠിനശ്രമത്തിലാണ്.
ആദ്യ ദിനം തന്നെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ (പത്ത് പന്തില്‍ രണ്ട്) നഷ്ടപ്പെട്ട ഓസ്‌ട്രേലിയക്ക് രണ്ടാം ദിവസം ലഞ്ചിന് മുമ്പ് മാര്‍നസ് ലബുഷാന്‍ (എട്ട് പന്തില്‍ രണ്ട്), സാം കോണ്‍സ്റ്റസ് (38 പന്തില്‍ 22), ട്രാവിസ് ഹെഡ് (മൂന്ന് പന്തില്‍ നാല്), സ്റ്റീവ് സ്മിത് (57 പന്തില്‍ 33) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.
ഖവാജയ്ക്ക് പുറമെ ലബുഷാനെയും ജസ്പ്രീത് ബുംറ മടക്കിയപ്പോള്‍ കോണ്‍സ്റ്റസിന്റെയും ഹെഡിന്റെയും അന്ത്യം മുഹമ്മദ് സിറാജിന്റെ കൈ കൊണ്ടായിരുന്നു. പ്രസിദ്ധ് കൃഷ്ണയാണ് സ്മിത്തിനെ പുറത്താക്കിയത്.
മത്സരത്തിന്റെ 12ാം ഓവറിലാണ് കോണ്‍സ്റ്റസ് പുറത്താകുന്നത്. സിറാജിന്റെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച കോണ്‍സ്റ്റസിന് പിഴയ്ക്കുകയും എഡ്ജ് ചെയ്ത് യശസ്വി ജെയ്‌സ്വാളിന്റെ കയ്യില്‍ ഒതുങ്ങുകയുമായിരുന്നു. കോണ്‍സ്റ്റസിനെ മടക്കിയതിന് പിന്നാലെ അതേ ഓവറില്‍ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെയും താരം മടക്കി.
സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും അടക്കമുള്ളവര്‍ പുറത്തായെങ്കിലും സാം കോണ്‍സ്റ്റസിന്റെ വിക്കറ്റ് നേട്ടമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. മത്സരത്തിന്റെ ആദ്യ ദിവസം ജസ്പ്രീത് ബുംറയെ അനാവശ്യമായി സ്ലെഡ്ജ് ചെയ്താണ് കോണ്‍സ്റ്റസ് ഇന്ത്യന്‍ ആരാധകരുടെ വെറുപ്പ് സമ്പാദിച്ചത്.
ആദ്യ ദിനത്തിലെ അവസാന ഓവറിലാണ് കോണ്‍സ്റ്റസ് ബുംറയുമായി കൊരുത്തത്. പന്തെറിയാനെത്തിയ ബുംറയോട് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന കോണ്‍സ്റ്റസ് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. ബുംറ താരത്തെ ദേഷ്യത്തോടെ തുറിച്ചുനോക്കുകയും ചെയ്തു. ഫീല്‍ഡ് അമ്പയര്‍മാര്‍ രംഗം കൂടുതല്‍ വഷളാകാതെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
വാക്കുകളിലൂടെയല്ല, പന്തുകൊണ്ടാണ് ബുംറ കോണ്‍സ്റ്റസിനുള്ള മറുപടി നല്‍കിയത്. സ്‌ട്രൈക്കിലുണ്ടായിരുന്ന ഖവാജയെ മടക്കി ബുംറ ഓസ്‌ട്രേലിയയുടെ ആദ്യ രക്തം ചിന്തി. പത്ത് പന്തില്‍ രണ്ട് റണ്‍സുമായി നില്‍ക്കവെ സിഡ്നിയുടെ ഹോം ടൗണ്‍ ഹീറോയെ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചാണ് ബുംറ പുറത്താക്കിയത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇത് ആറാം തവണയാണ് ഖവാജ ബുംറയുടെ പന്തില്‍ പുറത്താകുന്നത്. ഇതില്‍ ആറും ഈ പരമ്പരയില്‍ തന്നെയായിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
Content Highlight: Border Gavaskar Trophy: Mohammad Siraj dismissed Sam Konstas