Sports News
സകല ഓസ്‌ട്രേലിയന്‍ പത്രങ്ങളും എഴുതുന്നത് അവനെ കുറിച്ച്, പരമ്പരയിലുടനീളം അവനെ അടക്കി നിര്‍ത്തും: മാര്‍ഷ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 20, 05:53 am
Wednesday, 20th November 2024, 11:23 am

 

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ 17ാം എഡിഷന് ഇനി വെറും രണ്ട് ദിവസത്തെ മാത്രം കാത്തിരിപ്പാണുള്ളത്. കിരീടം നിലനിര്‍ത്താനും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഹാട്രിക് പരമ്പര നേടാനും ഇന്ത്യയിറങ്ങുമ്പോള്‍ 2015ന് ശേഷമുള്ള ആദ്യ പരമ്പരയാണ് കങ്കാരുക്കള്‍ ലക്ഷ്യമിടുന്നത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് പരമ്പരയിലെ പ്രതീക്ഷകളെ കുറിച്ചും വിരാട് കോഹ്‌ലിയെ കുറിച്ചും സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷ്.

 

ഓസ്‌ട്രേലിയന്‍ റൂള്‍സ് ഫുട്‌ബോള്‍ താരം ഹാര്‍ലി റീഡുമായി വിരാട് കോഹ്‌ലിയെ താരതമ്യം ചെയ്ത മാര്‍ഷ് അദ്ദേഹത്തെ അടക്കി നിര്‍ത്തിയാല്‍ പരമ്പരയില്‍ വിജയം നേടാന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ എല്ലാ പത്രങ്ങളുടെയും അവസാന പേജില്‍ വിരാട് കോഹ്‌ലി നിറഞ്ഞുനില്‍ക്കുകയാണെന്നും മാര്‍ഷ് പറഞ്ഞു.

അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍.

‘പത്രങ്ങളുടെ അവസാന പേജിലെ കവറേജ് പരിശോധിക്കുമ്പോള്‍ അദ്ദേഹം (വിരാട് കോഹ്‌ലി) പുതിയ ഹാര്‍ലി റീഡ് ആണ് എന്ന് തോന്നും. ഇപ്പോള്‍ വെസ്റ്റ് ഓസ്‌ട്രേലിയയിലെ എല്ലാ പത്രങ്ങളുടെയും അവസാന പേജില്‍ വിരാട് കോഹ്‌ലിയാണ് നിറഞ്ഞുനില്‍ക്കുന്നത്. അദ്ദേഹത്തെ കുറിച്ച് വായിക്കുന്നത് എല്ലായ്‌പ്പോഴും രസകരമാണ്.

വിരാട് ഏക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ്. മികച്ച പ്രകടനം നടത്താതെ നിങ്ങള്‍ക്ക് ഒരിക്കലും എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാകാന്‍ സാധിക്കില്ല.

 

‘അദ്ദേഹത്തെ ഞങ്ങള്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തെ പരമ്പരയിലുടനീളം നിശബ്ദമാക്കി നിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ അദ്ദേഹം ഞങ്ങളേക്കാള്‍ മികച്ച പ്രകടനം നടത്തുന്ന സമയങ്ങള്‍ ഉണ്ടാകും. ഒരു പ്ലെയര്‍ എന്ന നിലയില്‍ നിങ്ങളതിനെ ബഹുമാനിക്കണം. അദ്ദേഹത്തെ പോലയുള്ള താരങ്ങള്‍ക്കെതിരെ മത്സരിക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത്,’ മാര്‍ഷ് പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ ഫോം ആയിരിക്കും പരമ്പരയുടെ ഗതി നിര്‍ണയിക്കുകയെന്ന് മാത്യു ഹെയ്ഡന്‍ അടക്കമുള്ള മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച ട്രാക്ക് റെക്കോഡുകളാണ് വിരാടിന്റെ പേരിലുള്ളത്. ബി.ജി.ടിയില്‍ കളിച്ച 42 ഇന്നിങ്സില്‍ നിന്നും 52.25 ശരാശരിയില്‍ 1,979 റണ്‍സ് സ്വന്തമാക്കിയ താരം എട്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

ഈ പരമ്പരയില്‍ പല നേട്ടങ്ങളും വിരാടിനെ കാത്തിരിക്കുന്നുണ്ട്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം. എട്ട് സെഞ്ച്വറിയുമായി സെഞ്ച്വറി വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള വിരാടിന് തകര്‍ക്കാനുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ്.

പരമ്പരയില്‍ ഒരു സെഞ്ച്വറി കണ്ടെത്താന്‍ സാധിച്ചാല്‍ വിരാടിന് സച്ചിനൊപ്പമെത്താനും മറ്റൊന്നുകൂടി നേടിയാല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടക്കാനും വിരാടിന് സാധിക്കും. ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും എട്ട് സെഞ്ച്വറിയുമായി രണ്ടാം സ്ഥാനത്തുണ്ട്.

നവംബര്‍ 22നാണ് പരമ്പര ആരംഭിക്കുന്നത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി.

 

Content highlight: Border – Gavaskar Trophy: Mitchell Marsh about Virat Kohli