| Wednesday, 20th November 2024, 3:02 pm

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നീ, മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കരുത്; കെ.എല്‍. രാഹുലിനോട് മുന്‍ കങ്കാരു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ നിര്‍ണായകമായ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിന് ഉപദേശവുമായി മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മൈക്കല്‍ ഹസി. രാഹുലിനോട് സ്വയം വിശ്വസിക്കാനും മറ്റുള്ളവരുടെ വാക്കുകളെ അവഗണിക്കാനുമാണ് ഹസി ആവശ്യപ്പെടുന്നത്.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹസി രാഹുലിനെ കുറിച്ച് സംസാരിച്ചത്.

‘ അവന്‍ വളരെ മികച്ച താരമാണ്. പക്ഷേ അവന്‍ സ്വന്തം ഗെയ്മിനെ വിശ്വസിക്കുകയും ആത്മവിശ്വാസത്തോടെയിരിക്കാന്‍ ശ്രമിക്കുകയും വേണം. അവന്റെ ക്ലാസിനെ കുറിച്ച് നമുക്ക് വ്യക്തമായി അറിയാവുന്നതാണ്. പുറത്തുനിന്നും ആളുകള്‍ പറയുന്നത് അവനെ സ്വയം സംശയത്തിലാക്കി എന്നാണ് എനിക്ക് തോന്നുന്നത്.

ആളുകള്‍ എന്ത് പറയുന്നു എന്നതിന് ചെവി കൊടുക്കാതെ സ്വന്തം ഗെയിമിലും അതിന് വേണ്ട മുന്നൊരുക്കങ്ങളിലും അവന്‍ ശ്രദ്ധ പുലര്‍ത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ രാഹുല്‍ ശ്രമിക്കണം, കാരണം അങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴെല്ലാം അവന്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായി അവന്‍ മാറും.

പരമ്പരയുടെ തുടക്കം മുതല്‍ക്കുതന്നെ അവന്‍ മികച്ച പ്രകടനം നടത്തുമെന്നും റണ്ണടിച്ചുകൂട്ടുമെന്നും എനിക്കുറപ്പാണ്. ഇത് പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ അവനെ സഹായിക്കും,’ ഹസി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആകെ അഞ്ച് ടെസ്റ്റില്‍ മാത്രമാണ് രാഹുല്‍ കളിച്ചത്. എട്ട് ഇന്നിങ്‌സില്‍ നിന്നും 33.42 ശരാശരിയില്‍ 234 റണ്‍സാണ് താരം സ്വന്തമാക്കിയത്. രണ്ട് അര്‍ധ സെഞ്ച്വറി മാത്രമാണ് ഈ കലണ്ടര്‍ ഇയറില്‍ താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്.

നവംബര്‍ 22ന് ആരംഭിക്കുന്ന പരമ്പരക്ക് ഇത്തവണ പ്രത്യേകതകള്‍ ഏറെയാണ്. കാലങ്ങള്‍ക്ക് ശേഷം ബി.ജി.ടി അഞ്ച് മത്സരങ്ങളുടെ ഫോര്‍മാറ്റിലേക്ക് മാറുന്നതും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ ഫൈനലിസ്റ്റിനെ അറിയാന്‍ സാധിക്കും എന്നതുള്‍പ്പടെ ആരാധകര്‍ക്ക് ആവേശത്തിനുള്ള വക ഈ പരമ്പര നല്‍കുന്നുണ്ട്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

ട്രാവലിങ് റിസര്‍വുകള്‍.

മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ് (ആദ്യ ടെസ്റ്റ്)

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്‌സ്വീനി, മിച്ചല്‍ സ്റ്റാര്‍ക്ക്.

Content Highlight: Border-Gavaskar Trophy: Michael Hussey’s advice to KL Rahul

We use cookies to give you the best possible experience. Learn more