| Friday, 22nd November 2024, 7:46 pm

ക്രീസില്‍ പായ വിരിച്ച് കിടന്നവനെ പറഞ്ഞയച്ചത് നാണക്കേടിന്റെ റെക്കോഡും സമ്മാനിച്ച്; ഡി.എസ്.പി സിറാജ് ന്നാ സുമ്മാവാ...

സ്പോര്‍ട്സ് ഡെസ്‌ക്

ബൗളിങ്ങിനെ തുണച്ച പെര്‍ത്തിലെ പിച്ചില്‍ ഇരു ടീമിന്റെയും ബൗളര്‍മാര്‍ കളം നിറഞ്ഞാടിയപ്പോള്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ ടെസ്റ്റിലെ ആദ്യ ദിവസം വീണത് 17 വിക്കറ്റുകളാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പത്ത് വിക്കറ്റുകളും ലീഡ് നേടാനുറച്ച് കളത്തിലിറങ്ങിയ കങ്കാരുക്കളുടെ ഏഴ് വിക്കറ്റുകളുമാണ് ആദ്യ ദിനം നിലംപൊത്തിയത്.

യുവതാരം നഥാന്‍ മക്‌സ്വീനി (13 പന്തില്‍ പത്ത്),ഉസ്മാന്‍ ഖവാജ (19 പന്തില്‍ എട്ട്), സ്റ്റീവ് സ്മിത് (ഗോള്‍ഡന്‍ ഡക്ക്), ട്രാവിസ് ഹെഡ് (13 പന്തില്‍ 11), മിച്ചല്‍ മാര്‍ഷ് (19 പന്തില്‍ ആറ്), മാര്‍നസ് ലുഷാന്‍ (52 പന്തില്‍ രണ്ട്), പാറ്റ് കമ്മിന്‍സ് (അഞ്ച് പന്തില്‍ മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം തന്നെ ആതിഥേയര്‍ക്ക് നഷ്ടമായത്.

ഒരു വശത്ത് നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓരോന്നോരോന്നായി വിക്കറ്റുകള്‍ പിഴുതെറിയുമ്പോള്‍ മാര്‍നസ് ലബുഷാന്‍ മറുവശത്ത് ക്രീസില്‍ നങ്കൂരമിട്ട് നിന്നു. ബുംറയും സിറാജും പേസും ബൗണ്‍സും കൊണ്ട് പരീക്ഷിച്ചപ്പോഴും വിക്കറ്റ് കൈവിടാതെ ലബുഷാന്‍ ക്രീസില്‍ നിലയുറപ്പിച്ചു.

എന്നാല്‍ ഓസീസ് ഇന്നിങ്‌സിലെ 21ാം ഓവറിലെ അവസാന പന്തില്‍ സിറാജ് ലബുഷാനെ മടക്കി. വിക്കറ്റിന് മുമ്പില്‍ കുടുക്കിയായിരുന്നു താരം പുറത്തായത്. 52 പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് നേടിയാണ് ലബുഷാന്‍ മടങ്ങിയത്.

ഇതോടെ ഒരു മോശം നേട്ടവും താരത്തെ തേടിയെത്തി. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ചുരുങ്ങിയത് 50 പന്തുകളെങ്കിലും നേരിട്ട താരങ്ങളില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുള്ള ഓസ്‌ട്രേലിയന്‍ ബാറ്റര്‍ എന്ന അനാവശ്യ നേട്ടമാണ് താരം സ്വന്തമാക്കിയത്. വെറും 3.85 ആയിരുന്നു പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ലബുഷാന്റെ പ്രഹരശേഷി.

ടെസ്റ്റ് ഇന്നിങ്‌സില്‍ ഒരു ഓസ്‌ട്രേലിയന്‍ ബാറ്ററുടെ മോശം സ്‌ട്രൈക്ക് റേറ്റ് (ചുരുങ്ങിയത് 50 പന്തുകള്‍)

(താരം – എതിരാളികള്‍ – സ്‌കോര്‍ – സ്‌ട്രൈക്ക് റേറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

മാര്‍നസ് ലബുഷാന്‍ – ഇന്ത്യ – 2 (52) – 3.85 – 2024*

സ്റ്റീവ് ഒക്കീഫി – ശ്രീലങ്ക – 4 (98) – 2016

മറേ ബെന്നറ്റ് – വെസ്റ്റ് ഇന്‍ഡീസ് – 3* (53) – 1984 – 5.66

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഓസീസ് ബൗളര്‍മാര്‍ വിക്കറ്റ് വേട്ട ആരംഭിച്ചിരുന്നു. യശസ്വി ജെയ്സ്വാളും ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായപ്പോള്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് വിരാട് കോഹ്‌ലിക്ക് സ്വന്തമാക്കാന്‍ സാധിച്ചത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയ ഇന്ത്യയെ മികച്ച സ്‌കോര്‍ നേടാനോ കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ അനുവദിച്ചില്ല. ഒടുവില്‍ സന്ദര്‍ശകര്‍ 49.4 ഓവറില്‍ 150 റണ്‍സിന് പുറത്തായി.

59 പന്തില്‍ 41 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിഷബ് പന്ത് 78 പന്തില്‍ 37 റണ്‍സടിച്ചപ്പോള്‍ 74 പന്തില്‍ 26 റണ്‍സ് നേടിയ രാഹുലും ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 20 പന്തില്‍ 11 റണ്‍ടിച്ച ധ്രുവ് ജുറെലാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.

ഓസ്ട്രേലിയക്കായി സൂപ്പര്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ഫോര്‍ഫര്‍ നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ മാര്‍ഷ്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്കും തൊട്ടതെല്ലാം പിഴച്ചു. തുടര്‍ന്നും വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ മത്സരിച്ചപ്പോള്‍ ഓസ്ട്രേലിയയും തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണു.

ഒടുവില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 67ന് ഏഴ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 28 പന്തില്‍ 19 റണ്‍സുമായി അലക്സ് കാരിയും 14 പന്തില്‍ ആറ് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

ഇന്ത്യക്കായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റടുത്തപ്പോള്‍ സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Border Gavaskar Trophy: Marnus Labuschagne created an unwanted record of least SR by Australian batter in a Test Inning

We use cookies to give you the best possible experience. Learn more