ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. പിങ്ക് ബോ ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ പേടിസ്വപ്‌നമായപ്പോള്‍ പത്ത് വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്.
രോഹിത് ശര്‍മ നായകനായ ടീമിനെ ട്രാവിസ് ഹെഡ് ഒരിക്കല്‍ക്കൂടി തല്ലിയൊതുക്കിയപ്പോള്‍ ഓസ്‌ട്രേലിയ പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തു. 141 പന്തില്‍ നിന്നും 140 റണ്‍സാണ് താരം സ്വന്തമാക്കിയത്. 17 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും ഹെഡിനെ തന്നെയായിരുന്നു.
ട്രാവിസ് ഹെഡും മുഹമ്മദ് സിറാജും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ആദ്യ ഇന്നിങ്‌സിലെ പ്രധാന കാഴ്ചകളിലൊന്നായിരുന്നു. ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയതിന് പിന്നാലെ സിറാജ് വാക്കുകള്‍ കൊണ്ടുള്ള യുദ്ധത്തിനും തിരികൊളുത്തി.
ഈ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ക്രിസ് ശ്രീകാന്ത്. സിറാജിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോ രംഗത്തെത്തിയത്.
‘അവന്‍ ഇന്ത്യന്‍ ബൗളിങ് യൂണിറ്റിനെ നിര്‍ദയം തല്ലിയൊതുക്കുകയായിരുന്നു. സിറാജേ, നിനക്കെന്തേ ബുദ്ധിയില്ലേ? എന്താണ് നീയവിടെ ചെയ്തുകൊണ്ടിരുന്നത്? നിനക്കെന്താ ബോധമില്ലാതായോ?
അവന്‍ നിന്റെ പന്തുകളെ ഇടത്തും വലത്തുമായി ഗ്രൗണ്ടിന്റെ എല്ലാ കോണികളിലേക്കും അടിച്ചിട്ടു. 140 റണ്‍സ് അടിച്ചെടുത്ത ആ ഇന്നിങ്‌സില്‍ സിക്‌സറുകളും ബൗണ്ടറികളും അനായാസമായാണ് അവന്‍ സ്‌കോര്‍ ചെയ്തത്.
ഇതിന് ശേഷം നീയവന് സെന്‍ഡ് ഓഫും നല്‍കുന്നു, ഇതിനെയാണോ സ്ലെഡ്ജിങ് എന്ന് വിളിക്കുന്നത്? എന്ത് അസംബന്ധമാണിത്? ഇത് തീര്‍ത്തും മണ്ടത്തരമായിരുന്നു,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ശ്രീകാന്ത് പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്തതിന് ശേഷമായിരുന്നു ഹെഡ് സിറാജിന് വിക്കറ്റ് സമ്മാനിച്ചത്. അതിന് തൊട്ടുമുമ്പുള്ള പന്തില്‍ ഹെഡ് സിറാജിനെ സിക്‌സറിന് പറത്തിയിരുന്നു. ഇതിനുള്ള സിറാജിന്റെ മറുപടിയായിരുന്നു കുറ്റി തെറിപ്പിച്ച യോര്‍ക്കര്‍.
തന്നെ ബൗള്‍ഡാക്കിയ സിറാജിനോട് അത് നല്ല ഡെലിവെറിയായിരുന്നു എന്നാണ് പറഞ്ഞതെന്നാണ് ഹെഡിന്റെ പക്ഷം. എന്നാല്‍ ഹെഡിനോട് കയറിപ്പോകാനുള്ള ആംഗ്യം കാണിച്ചാണ് സിറാജ് വിക്കറ്റ് ആഘോഷിച്ചത്.
ഇരുവരും ഒന്നുരണ്ട് വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും വീണ്ടും പറഞ്ഞു. രൂക്ഷമായിട്ടായിരുന്നു സിറാജിന്റെ പ്രതികരണമെന്നത് താരത്തിന്റെ മുഖഭാവം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മത്സരശേഷം പരസ്പരം ആലിംഗനം ചെയ്ത് സിറാജും ഹെഡും കളത്തിലെ പോര് കളത്തില്‍വെച്ചുതന്നെ അവസാനിപ്പിച്ചു.
പക്ഷേ അതങ്ങനെ വെറുതെ വിടാന്‍ ഐ.സി.സി ഒരുക്കമായിരുന്നില്ല. പെരുമാറ്റച്ചട്ട ലംഘനത്തിന് സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഹെഡിന് താക്കീതും കിട്ടി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഭവിച്ച ആദ്യ തെറ്റായതിനാലാണ് ഇരുവരും മത്സരവിലക്കില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
Content Highlight: Border Gavaskar Trophy: Kris Srikkanth slams Mohammed Siraj