ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരം വിജയിച്ച് പരമ്പരയില്‍ മുമ്പിലെത്തിയതിന്റെ ആത്മവിശ്വാസത്തോടെ ഇന്ത്യയിറങ്ങുമ്പോള്‍ തങ്ങളുടെ കുത്തകയായ പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ഇന്ത്യക്കൊപ്പമെത്താനാണ് കങ്കാരുക്കള്‍ കച്ചമുറുക്കുന്നത്.
രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ മടങ്ങിയെത്തുമ്പോള്‍ ഇന്ത്യന്‍ കോമ്പിനേഷനില്‍ കാര്യമായ അഴിച്ചുപണികളുണ്ടായേക്കും. പെര്‍ത്തിലെ ചരിത്ര വിജയത്തിന്റെ ഭാഗമായ താരങ്ങള്‍ ബെഞ്ചിലിരിക്കേണ്ടി വരുന്നത് മുതല്‍ ബാറ്റിങ് ഓര്‍ഡറിലെ വ്യത്യാസങ്ങളും ഇതില്‍ ഉള്‍പ്പെടും. പരിക്ക് വെല്ലുവിളിയുയര്‍ത്തുന്ന കങ്കാരുപ്പടയിലും മാറ്റങ്ങളുണ്ടാകും.
ഇന്ത്യന്‍ നിരയില്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുല്‍ എവിടെ ബാറ്റ് ചെയ്യുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ ടെസ്റ്റില്‍ യശസ്വി ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത താരം മികച്ച പ്രകടനം നടത്തിയിരുന്നു. അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിന് മുന്നോടിയായി പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരെ നടന്ന സന്നാഹ മത്സരത്തിലും രാഹുല്‍-ജെയ്‌സ്വാള്‍ സഖ്യമാണ് ഇന്ത്യക്കായി ഒന്നാം വിക്കറ്റില്‍ ക്രീസിലെത്തിയത്.
എന്നാല്‍ അഡ്‌ലെയ്ഡില്‍ രോഹിത് ഓപ്പണറാവുകയാണെങ്കില്‍ രാഹുലിന് മിഡില്‍ ഓര്‍ഡറിലേക്ക് മാറേണ്ടി വന്നേക്കും. വിരാടിന് മുമ്പ് മൂന്നാം നമ്പറില്‍ സാധ്യതകളുണ്ടെങ്കിലും ആ സ്ഥാനത്ത് ശുഭ്മന്‍ ഗില്‍ ആകും ബാറ്റിങ്ങിനിറങ്ങുക.
ഇപ്പോള്‍ തന്റെ ബാറ്റിങ് പൊസിഷനെ കുറിച്ച് സംസാരിക്കുകയാണ് രാഹുല്‍. അഡ്‌ലെയ്ഡ് ടെസ്റ്റിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എവിടെ ബാറ്റ് ചെയ്യണമെന്നുള്ള നിര്‍ദേശം എനിക്ക് ലഭിച്ചിട്ടുണ്ട്. അത് ആരോടും പറയരുതെന്നും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ രാഹുല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ താനായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടതെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
‘ഞാനായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടതെന്ന് എന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഞാന്‍ കളിച്ചിരുന്നില്ല, അവസാന രണ്ട് മത്സരത്തിലും കളിച്ചില്ല. ഒപ്പം (പെര്‍ത്തില്‍) ഞാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടി വന്നേക്കുമെന്നും അറിയിച്ചിരുന്നു.
എനിക്ക് തയ്യാറെടുക്കാന്‍ ആവശ്യമുള്ള സമയം ലഭിച്ചു. കരിയറില്‍ ഒരുപാട് കാലം ഞാന്‍ ചെയ്തിരുന്ന കാര്യമാണിത്. കുറച്ചുകൂടി പ്രാക്ടീസ് ചെയ്യേണ്ടി വന്നു എന്ന് മാത്രം. എങ്ങനെയായിരിക്കും ഞാന്‍ റണ്‍സ് നേടേണ്ടത്, എന്തൊക്കെയായിരിക്കണം ഞാന്‍ ചെയ്യേണ്ടത് എന്നെല്ലാം എനിക്ക് അറിയാമായിരുന്നു. ഇതെന്നെ ഒരുപാട് സഹായിച്ചു. ഞാന്‍ കുറച്ച് സന്നാഹ മത്സരങ്ങളും ഇവിടെ കളിച്ചിരുന്നു. ഇന്ത്യ എ-ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് ഞാനായിരുന്നു,’ രാഹുല്‍ പറഞ്ഞു.
രണ്ടാം ടെസ്റ്റില്‍ എവിടെ ബാറ്റ് ചെയ്യാനും തയ്യാറാണെന്നും പ്ലെയിങ് ഇലവന്റെ ഭാഗമാകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് അഡ്ലെയ്ഡില്‍ പിങ്ക് ബോള്‍ ഡേ-നൈറ്റ് ടൈസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഇതുവരെ 11 പിങ്ക് ബോള്‍ മത്സരങ്ങളാണ് ഓസ്ട്രേലിയ കളിച്ചിട്ടുള്ളത്. അതില്‍ പത്തിലും വിജയം കങ്കാരുക്കള്‍ക്കൊപ്പം നിന്നു. ഒന്നില്‍ പരാജയപ്പെട്ടു. വിജയശതമാനമാകട്ടെ 91 ശതമാനത്തിലേറെയും.
ഇതുവരെ കളിച്ച നാല് പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. പരാജയപ്പെട്ടതാകട്ടെ ഓസ്ട്രേലിയയോടും. 2020ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യയെ ഈ പരാജയം തേടിയെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പരാജയം കൂടിയായിരുന്നു അത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിന് പുറത്തായ ഇന്ത്യ ഒരു ഇന്നിങ്‌സിലെ ഏറ്റവും മോശം ടോട്ടലിന്റെ റെക്കോഡും സ്വന്തമാക്കിയിരുന്നു.
അതേ അഡ്‌ലെയ്ഡില്‍ മറ്റൊരു പിങ്ക് ബോള്‍ ടെസ്റ്റിനൊരുങ്ങുമ്പോള്‍ ആ നാണക്കേടിന് മറുപടി നല്‍കുക എന്ന ലക്ഷ്യം കൂടി ഇന്ത്യക്കുണ്ടാകും.
Content Highlight: Border Gavaskar Trophy: KL Rahul about his batting position in 2nd test