ഡിസംബര്‍ 14ന് നടക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ബ്രിസ്‌ബെയ്‌നിലെ ഗാബയിലാണ് ക്ലാസിക് പോരാട്ടം അരങ്ങേറുകക.
പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് ഒപ്പത്തിനൊപ്പമെത്തിയിരിക്കുകയാണ്. ഗാബയില്‍ നടക്കുന്ന മത്സരത്തില്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ മുമ്പിലെത്താനാകും ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ശ്രമം.
ഈ മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കാന്‍ സാധ്യതയില്ലെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിനിടെ പേശി വലിവ് മൂലം ബുദ്ധിമുട്ടിയ ബുംറയുടെ ആരോഗ്യസ്ഥിതി ആരാധകര്‍ക്കിടയില്‍ ചോദ്യചിഹ്നമായിരുന്നു. താരത്തിന്റെ പരിക്ക് നിസാരമല്ല എന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഡെയ്മിയന്‍ ഫ്‌ളമിങ് അഭിപ്രായപ്പെട്ടിരുന്നു.
ഡിസംബര്‍ പത്തിന് ബുംറ നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നില്ല.
എന്നാല്‍ താരം വീണ്ടും നെറ്റ്‌സിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പ്രാക്ടീസിന്റെ തുടക്കത്തില്‍ അശ്വിനൊപ്പം ലെഗ് ബ്രേക്കറുകളെറിഞ്ഞ് തുടങ്ങിയ താരം പിന്നാലെ തന്റെ സ്ഥിരം വേഗതയിലേക്ക് മാറിയെന്നാണ് ഓസ്‌ട്രേലിയയിലെ മാധ്യമപ്രവര്‍ത്തകന്‍ ഭാരത് സുന്ദരേശന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുംറ നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോ വളരെ വേഗം സോഷ്യല്‍ മിഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
നെറ്റ്‌സില്‍ കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുംറ അടക്കമുള്ള ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിഞ്ഞ ബുംറ ഇരുവരുടെ വിക്കറ്റുകള്‍ നേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ 12 വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് ബുംറ. പത്തിലധികം വിക്കറ്റ് നേടിയ ഏക ഇന്ത്യന്‍ താരവും ബുംറ തന്നെ.
രണ്ട് മത്സരത്തിലെ നാല് ഇന്നിങ്‌സില്‍ നിന്നുമായി 11.25 ശരാശരിയിലും 27 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ബുംറ 2.50 എന്ന കുറഞ്ഞ എക്കോണമി നിരക്കിലാണ് റണ്‍സ് വഴങ്ങുന്നത്. ഇതുവരെ ഒരു ഫൈഫറും ഒരു ഫോര്‍ഫറും താരം സ്വന്തമാക്കിയിട്ടുണ്ട്.
11 വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് പട്ടികയില്‍ രണ്ടാമന്‍. തൊട്ടുപിന്നാലെ പത്ത് വിക്കറ്റുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനത്തും തുടരുന്നുണ്ട്.
Content highlight: Border – Gavaskar Trophy: :Jasprit Bumrah started to practice again