| Friday, 22nd November 2024, 4:55 pm

സച്ചിനും കപിലും അടക്കി വാഴുന്ന ലിസ്റ്റിലേക്ക് മാസ് എന്‍ട്രി; നേടിയ ആദ്യ വിക്കറ്റില്‍ ഇതിഹാസമായി ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകര്‍ കാത്തിരുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് ആവേശത്തോടെ ആരംഭമായിരിക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലക്ഷ്യമിട്ട് ഇരു ടീമുകളും പടയൊരുക്കുമ്പോള്‍ ഫലം അപ്രവചനീയമാണ്.

ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലാണ് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചിരിക്കുന്നത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 17 വിക്കറ്റുകളാണ് ആദ്യ ദിനം വീണത്. ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്‌ട്രേലിയ 67ന് ഏഴ് എന്ന നിലയിലാണ്.

ഇന്ത്യക്കായി ക്യാപ്റ്റന്‍ ബുംറയാണ് ബൗളിങ് യൂണിറ്റിനെ മുമ്പില്‍ നിന്നും നയിക്കുന്നത്. നാല് വിക്കറ്റുമായി ആദ്യ ദിവസം തന്നെ ബുംറ ഓസ്‌ട്രേലിയയുടെ തലയരിഞ്ഞിട്ടത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അടക്കം ബുംറയുടെ വേഗതയറിഞ്ഞു.

ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും ബുംറയുടെ പേരില്‍ പിറവിയെടുത്തിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ആദ്യ വിക്കറ്റായി യുവതാരം നഥാന്‍ മക്‌സ്വീനിയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയതോടെയാണ് ബുംറ ഈ റെക്കോഡിലെത്തിയത്.

ഇതോടെ ലാല അമര്‍നാഥും സച്ചിന്‍ ടെന്‍ഡുല്‍ക്കറും അടക്കമുള്ള താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് ബുംറയും കാലെടുത്ത് വെച്ചത്.

ഓസ്‌ട്രേലിയയില്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

ലാല അമര്‍നാഥ്

ബിഷന്‍ സിങ് ബേദി

കപില്‍ ദേവ്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

അനില്‍ കുംബ്ലെ

ജസ്പ്രീത് ബുംറ*

നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ഓസീസ് ബൗളര്‍മാര്‍ വിക്കറ്റ് വേട്ട ആരംഭിച്ചത്. യശസ്വി ജെയ്സ്വാളും ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായപ്പോള്‍ അഞ്ച് റണ്‍സ് നേടിയാണ് വിരാട് മടങ്ങിയത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയ ഇന്ത്യയെ വമ്പന്‍ സ്‌കോര്‍ നേടാനോ കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ അനുവദിച്ചില്ല. ഒടുവില്‍ സന്ദര്‍ശകര്‍ 49.4 ഓവറില്‍ വെറും 150 റണ്‍സിന് പുറത്തായി.

59 പന്തില്‍ 41 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിഷബ് പന്ത് 78 പന്തില്‍ 37 റണ്‍സടിച്ചപ്പോള്‍ 74 പന്തില്‍ 26 റണ്‍സ് നേടിയ രാഹുലും ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 20 പന്തില്‍ 11 റണ്‍ടിച്ച ധ്രുവ് ജുറെലാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.

ഓസ്ട്രേലിയക്കായി ജോഷ് ഹെയ്സല്‍വുഡ് ഫോര്‍ഫര്‍ നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ മാര്‍ഷ് പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്കും തൊട്ടതെല്ലാം പിഴച്ചു. ഉസ്മാന്‍ ഖവാജ 19 പന്തില്‍ എട്ട് റണ്‍സടിച്ച് മടങ്ങിയപ്പോള്‍ നഥാന്‍ മക്സ്വീനി 13 പന്തില്‍ പത്ത് റണ്‍സും ട്രാവിസ് ഹെഡ് 13 പന്തില്‍ 11 റണ്‍സും നേടി മടങ്ങി.

സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും പാടെ നിരാശപ്പെടുത്തി. ബുംറക്ക് മുമ്പില്‍ ഗോള്‍ഡന്‍ ഡക്കായാണ് താരം മടങ്ങിയത്.

ഒടുവില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 67ന് ഏഴ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 28 പന്തില്‍ 19 റണ്‍സുമായി അലക്സ് കാരിയും 14 പന്തില്‍ ആറ് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

ആദ്യ ദിനം ജസ്പ്രീത് ബുംറ നാല് വിക്കറ്റടുത്തപ്പോള്‍ സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Border Gavaskar Trophy: Jasprit Bumrah joins the elite list of Indian captains to take a wicket in Australia

We use cookies to give you the best possible experience. Learn more