ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്‌കോര്‍
ഇന്ത്യ: 150 & 487/6d
ഓസ്‌ട്രേലിയ: 104 & 238 (T:534)
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഓവര്‍സീസ് വിജയമാണ് പെര്‍ത്തില്‍ കുറിച്ചത്.
ഇതിന് പുറമെ പെര്‍ത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പിക്കുന്ന ആദ്യ ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, മുഹമ്മദ് ഷമി പോലുള്ള താരങ്ങളുടെ അഭാവത്തിലാണ് ബുറയുടെ ഇന്ത്യ ഈ ചരിത്ര വിജയം സ്വന്തമാക്കിയത്. പെര്‍ത്തില്‍ ഓസീസിനെ തോല്‍പിക്കുന്ന ആദ്യ നായകന്‍ എന്ന നേട്ടവും ഇതോടെ ബുംറ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ജെയ്‌സ്വാളും വിരാടും പടിക്കലും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 150 റണ്‍സിന് പുറത്തായി.
59 പന്തില്‍ 41 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്കായി ഹെയ്‌സല്‍വുഡ് നാല് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ മാര്‍ഷും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതം നേടി.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ന്നതിനേക്കാള്‍ വേഗത്തിലായിരുന്നു ഓസ്‌ട്രേലിയയുടെ പതനം. വെറും 104 റണ്‍സ് മാത്രമാണ് കങ്കാരുക്കള്‍ക്ക് നേടാന്‍ സാധിച്ചത്. 112 പന്തില്‍ 26 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.
ഇന്ത്യക്കായി ബുംറ ഫൈഫര്‍ നേടിയപ്പോള്‍ ഹര്‍ഷിത് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി.
ആദ്യ ഇന്നിങ്‌സിലേറ്റ തിരിച്ചടിക്ക് ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ഓസ്‌ട്രേലിയന്‍ ബൗളിങ് യൂണിറ്റ് ഉത്തരമില്ലാതെ വിയര്‍ത്തു.
യുവതാരം യശസ്വി ജെയ്സ്വാളിന്റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 297 പന്തില്‍ 161 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ഓടിച്ചെടുത്തത്. 15 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു ജെയ്സ്വാളിന്റെ ഇന്നിങ്സ്.
143 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. തന്റെ പ്രൊഫഷണല്‍ ക്രിക്കറ്റിലെ നൂറാം സെഞ്ച്വറിയും 81ാം അന്താരാഷ്ട്ര സെഞ്ച്വറിയും 30ാം ടെസ്റ്റ് സെഞ്ച്വറിയുമാണ് താരം കങ്കാരുക്കള്‍ക്കെതിരെ നേടിയത്.
77 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ ഇന്നിങ്സും ഇന്ത്യന്‍ നിരയില്‍ കരുത്തായി.
46 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ 487ന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും 534 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുമ്പില്‍ വെക്കുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വീണ്ടും പിഴച്ചു. മക്‌സ്വീനിയും ഖവാജയും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കമ്മിന്‍സും ലബുഷാനും അടക്കമുള്ള താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ട്രാവിസ് ഹെഡിന് മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.
101 പന്തില്‍ 89 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. 67 പന്തില്‍ 47 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ ബുംറ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ കങ്കാരുക്കള്‍ 238ന് പുറത്തായി.
ബുംറയും സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും നേടി. ഹര്‍ഷിത് റാണയും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.
ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. അഡ്ലെയ്ഡാണ് വേദി.
Content highlight: Border Gavaskar Trophy: Jasprit Bumrah becomes the first captain to defeat Australia at Perth