ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പെര്‍ത് ടെസ്റ്റിന്റെ ആദ്യ ദിവസം ബൗളര്‍മാരുടെ സമഗ്രാധിപത്യം. ആദ്യ ദിവസം 17 വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് ഇരു ടീമിന്റെയും ബൗളര്‍മാര്‍ കരുത്തുകാട്ടിയത്. ഈ 17 വിക്കറ്റുകളും പേസര്‍മാരാണ് സ്വന്തമാക്കിയത് എന്നതാണ് മറ്റൊരു പ്രത്യേകത.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും പിറവിയെടുത്തു. 1952ന് ശേഷം പെര്‍ത് സ്റ്റേഡിയത്തില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ദിവസം വീഴുന്ന ഏറ്റവുമധികം വിക്കറ്റ് എന്ന നേട്ടമാണ് പിറന്നത്.
ഇന്ത്യയുടെ പത്ത് വിക്കറ്റും ആദ്യ ദിനം വീണപ്പോള്‍ ആതിഥേയരുടെ ഏഴ് വിക്കറ്റും ബുംറപ്പട പിഴുതെറിഞ്ഞു.
നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയെ തുടക്കത്തിലേ ഞെട്ടിച്ചുകൊണ്ടാണ് ഓസീസ് ബൗളര്‍മാര്‍ തുടങ്ങിയത്. യശസ്വി ജെയ്‌സ്വാളും ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായപ്പോള്‍ അഞ്ച് റണ്‍സ് നേടിയാണ് വിരാട് മടങ്ങിയത്.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയ ഇന്ത്യയെ വമ്പന്‍ സ്‌കോര്‍ നേടാനോ കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ അനുവദിച്ചില്ല. ഒടുവില്‍ സന്ദര്‍ശകര്‍ 49.4 ഓവറില്‍ വെറും 150 റണ്‍സിന് പുറത്തായി.
59 പന്തില്‍ 41 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിഷബ് പന്ത് 78 പന്തില്‍ 37 റണ്‍സടിച്ചപ്പോള്‍ 74 പന്തില്‍ 26 റണ്‍സ് നേടിയ രാഹുലും ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 20 പന്തില്‍ 11 റണ്‍ടിച്ച ധ്രുവ് ജുറെലാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.
ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സല്‍വുഡ് ഫോര്‍ഫര്‍ നേടി. ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്‌ലി, ഹര്‍ഷിത് റാണ, ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ എന്നിവരുടെ വിക്കറ്റാണ് ഹെയ്‌സല്‍വുഡ് സ്വന്തമാക്കിയത്.
മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ മാര്‍ഷ് പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കും തുടക്കം പാളി. ഉസ്മാന്‍ ഖവാജ 19 പന്തില്‍ എട്ട് റണ്‍സടിച്ച് മടങ്ങിയപ്പോള്‍ നഥാന്‍ മക്‌സ്വീനി 13 പന്തില്‍ പത്ത് റണ്‍സും ട്രാവിസ് ഹെഡ് 13 പന്തില്‍ 11 റണ്‍സും നേടി മടങ്ങി.
ഫാബ് ഫോറിലെ കരുത്തന്‍ സ്റ്റീവ് സ്മിത്തും പാടെ നിരാശപ്പെടുത്തി. ബുംറക്ക് മുമ്പില്‍ ഗോള്‍ഡന്‍ ഡക്കായാണ് താരം മടങ്ങിയത്. സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ ക്രീസില്‍ നങ്കൂരമിട്ട് നിന്നെങ്കിലും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ സാധിച്ചില്ല. 55 പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.
ഒടുവില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 67ന് ഏഴ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 28 പന്തില്‍ 19 റണ്‍സുമായി അലക്‌സ് കാരിയും 14 പന്തില്‍ ആറ് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.
ആദ്യ ദിനം ജസ്പ്രീത് ബുംറ നാല് വിക്കറ്റടുത്തപ്പോള്‍ സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Border-Gavaskar Trophy: India Vs Australia Day 1 witnessed most wickets in a single day in a Test in Australia since 1952.