ഇന്ത്യക്ക് ഫൈനല്‍ കളിക്കാനാകുമോ? സാധ്യതകളിങ്ങനെ
Cricket
ഇന്ത്യക്ക് ഫൈനല്‍ കളിക്കാനാകുമോ? സാധ്യതകളിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd March 2023, 1:29 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ പാട്ടുംപാടി ജയിച്ച ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ പ്രഹരമേറ്റിരിക്കുകയാണ്.

ഒമ്പത് വിക്കറ്റുകള്‍ക്കാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ ഓസീസ് മുട്ടുകുത്തിച്ചത്. ഇന്‍ഡോറില്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പാക്കാന്‍ മാര്‍ച്ച് ഒമ്പത് മുതല്‍ അഹമദാബാദില്‍ നടക്കുന്ന അവസാന ടെസ്റ്റ് വരെ കാത്തിരിക്കണം.

ഈ ജയത്തോടെ ഓസ്‌ട്രേലിയക്ക് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനുമായി. ഓസ്ട്രേലിയ ഫൈനലിലെത്തിയതോടെ ഇനി ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഫൈനല്‍ ബെര്‍ത്തിനായി ഏറ്റുമുട്ടുക.

നിലവില്‍ 18 ടെസ്റ്റുകളില്‍ നിന്നും 68.52 പോയിന്റുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്താണ്. 60.29 പോയിന്റ് ശരാശരിയുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും 53.33 പോയിന്റ് ശരാശരിയുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യക്ക് ഇനി ഒരു ടെസ്റ്റ് മാത്രമാണ് ബാക്കി എന്നാല്‍ ലങ്കക്ക് രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്.

ഓസ്ട്രേലിയക്കെതിരെ ഈ മാസം ഒമ്പതിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഈ ടെസ്റ്റില്‍ വിജയിക്കാനായാല്‍ ഇന്ത്യക്ക് ഫൈനലിലേക്ക് കടക്കാം.

എന്നാല്‍ ഓസീസിനെതിരെ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ തുലാസിലാവും. ഓസീസ് നാലാം ടെസ്റ്റില്‍ ജയിക്കുകയോ, ഈ ടെസ്റ്റ് സമനിലയാവുകയോ ചെയ്താല്‍ ഇന്ത്യക്ക് ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയുടെ വിധിക്കായി കാത്തിരിക്കേണ്ടി വരും.

ന്യൂസിലാന്‍ഡിനെതിരേ ലങ്ക 2-0ന് ടെസ്റ്റ് പരമ്പര ജയിച്ചാന്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ ഇല്ലാതെയാകും. നാലാം ടെസ്റ്റില്‍ എന്തുവില കൊടുത്തും ജയിക്കുക മാത്രമാണ് ഇന്ത്യക്ക് ഏക പോം വഴി.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 109 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ കൂനേമാനാണ് ഇന്ത്യയെ തകര്‍ത്തത്.

മറുപടി ബാറ്റിങ്ങില്‍ ഓസ്ട്രേലിയ 197 റണ്‍സെടുത്തു. 60 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയാണ് ഓസീസിനായി തിളങ്ങിയത്. 88 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി കളിച്ച ഇന്ത്യ രണ്ടാം ഇന്നിങ്സിലും പതറുകയായിരുന്നു.

നതാന്‍ ലിയോണിന്റെ എട്ട് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. ബാറ്റര്‍മാരുടെ മോശം പ്രകടനവും ഇന്ത്യയുടെ പതനത്തിന് കാരണമായി. 22 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

രോഹിത് ശര്‍മ (12), ശുഭ്മന്‍ ഗില്‍ (21), ചേതേശ്വര്‍ പുജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0), കെ.എസ. ഭരത് (17) എന്നിവര്‍ മോശം ഫോമില്‍ ഇന്ത്യയെ നിരാശപ്പെടുത്തി. അക്സര്‍ പട്ടേല്‍ (12*) പുറത്താവാതെ നിന്നു.

അവസാന ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണായകമാണ്. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക.

Content Highlights: Border Gavaskar trophy India VS Australia