| Tuesday, 17th December 2024, 10:31 pm

ഒന്നര പതിറ്റാണ്ടോളമായി ഇന്ത്യക്ക് ആ നാണക്കേട് നേരിടേണ്ടി വന്നിട്ടില്ല; ആകാശിനും ബുംറയ്ക്കും നന്ദി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിലൊന്നിനാണ് ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ഫോളോ ഓണും തോല്‍വിയും മുമ്പില്‍ കണ്ട നിമിഷത്തില്‍ നിന്നും ഇന്ത്യക്ക് സമനിലയിലേക്ക് ശ്വാസം നീട്ടിക്കിട്ടിയിരിക്കുകയാണ്.

ഓപ്പണര്‍ കെ.എല്‍. രാഹുലും മിഡില്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറികളും പത്താം നമ്പറിലിറങ്ങിയ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെയും പതിനൊന്നാമനായി കളത്തിലെത്തിയ ആകാശ് ദീപിന്റെയും ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും കരകയറ്റിയത്.

ഇതോടെ ഒന്നര പതിറ്റാണ്ടോളമായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ഫോളോ വഴങ്ങേണ്ടി വന്നിട്ടില്ല എന്ന നേട്ടവും ഇന്ത്യക്കൊപ്പം നിന്നു. ഓസ്‌ട്രേലിയയടക്കം സൂപ്പര്‍ ടീമുകള്‍ ഫോളോ ഓണ്‍ വഴങ്ങേണ്ടി വന്നപ്പോഴും കാലങ്ങളേറെയായി ഇന്ത്യക്ക് ഈ ഭീഷണി നേരിടേണ്ടി വന്നിട്ടില്ല.

2011 മുതല്‍ ഏറ്റവുമധികം തവണ ഫോളോ ഓണിനിറങ്ങേണ്ടി വന്ന ടീമുകള്‍

വെസ്റ്റ് ഇന്‍ഡീസ് – 13 തവണ

ശ്രീലങ്ക – 9 തവണ

ബംഗ്ലാദേംശ് – 6 തവണ

ന്യൂസിലാന്‍ഡ് – 6 തവണ

സൗത്ത് ആഫ്രിക്ക – 6 തവണ

സിംബാബ്‌വേ – 6 തവണ

പാകിസ്ഥാന്‍ – 3 തവണ

ഇംഗ്ലണ്ട് – 2 തവണ

അയര്‍ലന്‍ഡ് – 2 തവണ

ഓസ്‌ട്രേലിയ – 1 തവണ

അഫ്ഗാനിസ്ഥാന്‍ – 1 തവണ

ഇന്ത്യ – 0

2011 ഓഗസ്റ്റിലാണ് ഇന്ത്യയ്ക്ക് അവസാനമായി ഫോളോ ഓണ്‍ വഴങ്ങേണ്ടി വന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലിലായിരുന്നു ഇന്ത്യ ഫോളോ ഓണിനിറങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇയാന്‍ ബെല്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും (235) കെവിന്‍ പീറ്റേഴ്‌സണിന്റെ സെഞ്ച്വറിയുടെയും (175) കരുത്തില്‍ 591/7d റണ്‍സ് നേടി.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 300 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ച്വറി നേടിയ രാഹുല്‍ ദ്രാവിഡ് (146) മാത്രമാണ് ചെറുത്തുനിന്നത്. 43 റണ്‍സടിച്ച അമിത് മിശ്രയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഫോളോ ഓണിനിറങ്ങിയ ഇന്ത്യ 283ന് പുറത്തായി. സച്ചിന്‍ ടെന്‍ഡുല്‍ക്കറും (91), അമിത് മിശ്രയും (84) ചെറുത്തുനിന്നെങ്കിലും ഇന്ത്യ ഇന്നിങ്‌സിനും എട്ട് റണ്‍സിനും പരാജയപ്പെട്ടു.

അതേസമയം, ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ നിലവില്‍ 193 റണ്‍സിന് പിന്നിലാണ് ഇന്ത്യ. അഞ്ചാം ദിവസത്തില്‍ സാധ്യമായ സമയത്തോളം ബാറ്റ് ചെയ്ത് മത്സരം സമനിലയിലെത്തിക്കാനാകും ഇന്ത്യ ശ്രമിക്കുക.

എന്നാല്‍ ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റും വീഴ്ത്തി, വളരെ പെട്ടെന്ന് റണ്‍സ് ഉയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത്, ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞാല്‍ ഓസ്‌ട്രേലിയക്ക് വിജയിക്കാന്‍ സാധിക്കും.

എന്നാല്‍ നിലവില്‍ 193 റണ്‍സ് മാത്രമാണ് കുറവുള്ളത് എന്നതിനാലും മറുവശത്ത് ഇന്ത്യ ആയതിനാലും ഓസ്‌ട്രേലിയ ഈ റിസ്‌ക്കിന് മുതിരുമോ എന്നത് കണ്ടുതന്നെ അറിയണം.

Content Highlight: Border Gavaskar trophy India is the only team to not face a follow-on since 2011

We use cookies to give you the best possible experience. Learn more