ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാല്, അഞ്ച് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബോക്‌സിങ് ഡേയില്‍ നടക്കുന്ന നാലാം ടെസ്റ്റിനും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജനുവരി മൂന്നിനും ആരംഭിക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം ആര്‍. അശ്വിന് പകരക്കാരനായി യുവതാരം തനുഷ് കോട്ടിയനെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര തലത്തില്‍ മുംബൈയുടെ താരമായ കോട്ടിയന്‍ അശ്വിനെ പോലെ തന്നെ വലംകയ്യന്‍ ബാറ്ററും വലംകയ്യന്‍ ഓഫ് ബ്രേക്കര്‍ ബൗളറുമാണ്.
ഇതുവരെ 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ താരം പന്തെറിഞ്ഞിട്ടുണ്ട്. 59 ഇന്നിങ്‌സില്‍ നിന്നും 101 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 25.70 ശരാശരിയിലും 46.4 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരത്തിന്റെ എക്കോണമി 3.31 ആണ്. കരിയറില്‍ മൂന്ന് തവണ ഫൈഫര്‍ നേടിയ താരം അഞ്ച് ഫസ്റ്റ് ക്ലാസ് ഫോര്‍ഫറുകളും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
ബാറ്റെടുത്ത 47 ഇന്നിങ്‌സില്‍ നിന്നും 1525 റണ്‍സാണ് താരം സ്വന്തമാക്കിയത്. 41.21 ശരാശരിയില്‍ ബാറ്റ് വീശുന്ന ഈ 26കാരന്‍ 13 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും സ്വന്തമാക്കി.
മെല്‍ബണ്‍, സിഡ്‌നി ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡിന്റെ ഭാഗമാണെങ്കിലും താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാകാന്‍ സാധ്യത നന്നേ കുറവാണ്. സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡജേയും വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ടെന്നിരിക്കെ ഇവരെ മറികടന്ന് ഇന്ത്യ അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇനിയും അരങ്ങേറ്റം കുറിക്കാത്ത കോട്ടിയനെ പരിഗണിക്കുമെന്ന് കരുതുക വയ്യ.
ഇന്ത്യ എ ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനമാണ് തനുഷ് കോട്ടിയന്‍ പുറത്തെടുത്തത്. എന്നാല്‍ ഓസ്ട്രേലിയയില്‍ വലിയ അനുഭവസമ്പത്തും താരത്തിനില്ല.
അതേസമയം, സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ടീം അവസരം നല്‍കിയിട്ടില്ല. ബി.ജി.ടിയിലെ അവസാന രണ്ട് ടെസ്റ്റുകളിലും പന്തെറിയാന്‍ ഷമി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ബംഗാള്‍ സ്പീഡ്സ്റ്ററെ ഒഴിവാക്കിക്കൊണ്ടാണ് ഇന്ത്യ ടീം അണിനിരത്തിയിരിക്കുന്നത്.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ദേവ്ദത്ത് പടിക്കല്‍, തനുഷ് കോട്ടിയന്‍.
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജേയ് റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, ബ്യൂ വെബ്സ്റ്റര്‍.
അതേസമയം, പരമ്പരിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയപ്പോള്‍ അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന് വിജയിച്ച് ഓസീസ് തിരിച്ചടിച്ചു. ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ നടന്ന മൂന്നാം മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
Content highlight: Border Gavaskar Trophy: India announces squad for 4th and 5th test