|

ഓപ്പണിങ്ങില്‍ മാത്രമല്ല, ആറാം നമ്പറില്‍ വരെ സെഞ്ച്വറിയുണ്ട്; രാഹുലിന് വേണ്ടി സ്ഥാനം വിട്ടുകൊടുക്കുന്ന രോഹിത് ഇറങ്ങേണ്ടതെവിടെ?

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിന് വെള്ളിയാഴ്ച തുടക്കമാവുകയാണ്. അഡ്‌ലെയ്ഡില്‍ ഡേ-നൈറ്റ് ഫോര്‍മാറ്റിലാണ് മത്സരം അരങ്ങേറുന്നത്.

പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയം നേടിയ ഇന്ത്യ അഡ്‌ലെയ്ഡിലും വിജയം സ്വന്തമാക്കി പരമ്പരയില്‍ മേല്‍ക്കൈ നേടാനൊരുങ്ങുകയാണ്. ആദ്യ മത്സരത്തില്‍ 295 റണ്‍സിന്റെ വിജയമാണ് ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ സ്വന്തമാക്കിയത്.

ആദ്യ ടെസ്റ്റിന്റെ ഭാഗമല്ലാതിരുന്ന രോഹിത് ശര്‍മ രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തുകയാണ്. രോഹിത് തിരിച്ചുവരുന്നതോടെ ടീം കോമ്പിനേഷനിലും ബാറ്റിങ് ഓര്‍ഡറില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും.

എന്നാല്‍ ആദ്യ മത്സരത്തില്‍ ഓപ്പണിങ്ങിനിറങ്ങിയ രാഹുല്‍ – ജെയ്‌സ്വാള്‍ സഖ്യം തന്നെ രണ്ടാം ടെസ്റ്റിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.

‘കെ.എല്‍. രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ജെയ്‌സ്വാളിനൊപ്പമുള്ള അവന്‍റെ കൂട്ടുകെട്ട് പെര്‍ത്തിലെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. അവന്‍ ഓപ്പണറായി തന്നെ തുടരണം. ഞാന്‍ മറ്റെവിടെയങ്കിലും ബാറ്റ് ചെയ്തുകൊള്ളാം. വ്യക്തിപരമായി ഇതൊട്ടും എളുപ്പമുള്ള കാര്യമല്ല, എങ്കിലും ടീമിന്റെ നന്മയ്ക്കായി നിങ്ങള്‍ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കണം,’ രോഹിത് പറഞ്ഞു.

ഓപ്പണറല്ലെങ്കില്‍ രോഹിത് എവിടെ ബാറ്റ് ചെയ്യണമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. രോഹിത് ആറാം നമ്പറില്‍ ക്രീസിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കാരണം ഓപ്പണിങ്ങിന് ശേഷം രോഹിത് ഏറ്റവും മികച്ച പ്രകടനം ടെസ്റ്റില്‍ കാഴ്ചവെച്ചത് ആറാം നമ്പറിലാണ്. ഓപ്പണറായി കളത്തിലിറങ്ങിയതിനേക്കാള്‍ മികച്ച ബാറ്റിങ് ശരാശരിയാണ് രോഹിത്തിന് ആറാം നമ്പറിലുള്ളത്. താരം കരിയര്‍ ആരംഭിച്ചതും ആറാം നമ്പറില്‍ ബാറ്റ് ചെയ്തുകൊണ്ടായിരുന്നു.

ഓരോ ബാറ്റിങ് പൊസിഷനിലും രോഹിത് ശര്‍മയുടെ പ്രകടനം (ടെസ്റ്റ്)

ഓപ്പണിങ്

റണ്‍സ്: 2,685
ശരാശരി: 44.02
അര്‍ധ സെഞ്ച്വറികള്‍: 8
സെഞ്ച്വറികള്‍: 9

മൂന്നാം നമ്പറില്‍

റണ്‍സ്: 107
ശരാശരി: 21.40
അര്‍ധ സെഞ്ച്വറികള്‍: 1
സെഞ്ച്വറികള്‍: 0

നാലാം നമ്പറില്‍

റണ്‍സ്: 4
ശരാശരി: 4.0
അര്‍ധ സെഞ്ച്വറികള്‍: 0
സെഞ്ച്വറികള്‍: 0

അഞ്ചാം നമ്പറില്‍

റണ്‍സ്: 437
ശരാശരി: 29.13
അര്‍ധ സെഞ്ച്വറികള്‍: 3
സെഞ്ച്വറികള്‍: 0

ആറാം നമ്പറില്‍

റണ്‍സ്: 1,037
ശരാശരി: 54.58
അര്‍ധ സെഞ്ച്വറികള്‍: 6
സെഞ്ച്വറികള്‍: 3

അതേസമയം, രോഹിത് ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് മുന്‍ സെലക്ടര്‍ ദേവാംഗ് ഗാന്ധി നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

‘എനിക്ക് തോന്നുന്നത് രോഹിത് ആറാം നമ്പറില്‍ കളിക്കണമെന്നാണ്. അഞ്ചാം നമ്പറില്‍ റിഷബ് പന്ത് സ്വയം തെളിയിച്ചുകഴിഞ്ഞു, മികച്ച പ്രകടനമാണ് അവന്‍ ആ പൊസിഷനില്‍ പുറത്തെടുക്കുന്നത്. ആ ലെഫ്റ്റ് – റൈറ്റ് കോംബോയെ (ഓപ്പണിങ്ങില്‍) നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം.

ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ക്ക് ഓപ്പണറായി കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഭാവിയില്‍ അത് അവന്റെ കരിയറില്‍ ദോഷം ചെയ്തേക്കും. എന്നാല്‍ ഒരു ഓപ്പണര്‍ക്ക് മിഡില്‍ ഓര്‍ഡറിലേക്ക് വരിക എന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. പ്രത്യേകിച്ച് രോഹിത് ശര്‍മയെ പോലെ ഒരു താരത്തിന്, ഇന്ത്യക്കായി ആറാം നമ്പറില്‍ ബാറ്റ് ചെയ്താണ് അവന്‍ കരിയര്‍ ആരംഭിച്ചത്,’ എന്നായിരുന്നു ദേവാംഗ് ഗാന്ധി പറഞ്ഞിരുന്നത്.

Content Highlight: Border Gavaskar Trophy: In which position Rohit Sharma should bat in 2nd test