ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ ദയനീയ പരാജയമേറ്റുവാങ്ങിയിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളി മറന്ന മത്സരത്തില്‍ ആതിഥേയര്‍ മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്താണ് പരമ്പരയില്‍ ഒപ്പമെത്തിയത്.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. യുവതാരം ഹര്‍ഷിത് റാണക്ക് തന്റെ കരിയറിലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ വിക്കറ്റ് നേടാനായില്ല, വിക്കറ്റ് നേടിയ സിറാജാകട്ടെ റണ്‍സ് വഴങ്ങുകയും ചെയ്തു. മികച്ച രീതിയില്‍ പന്തെറിഞ്ഞ ബുംറക്ക് പിന്തുണ നല്‍കാനും ആര്‍ക്കും സാധിക്കാതെ പോയി.
മൂന്നാം ടെസ്റ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരമ്പരയില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാന്യമുള്ളതിനാല്‍ തന്നെ ഷമിയുടെ തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഷമി ടീമിലേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ യുവതാരം ഹര്‍ഷിത് റാണയ്ക്ക് ബെഞ്ചിലിരിക്കേണ്ടി വന്നേക്കും. ഏറെ പരിചയസമ്പത്തുള്ള ഷമി തന്നെയായിരിക്കും സെലക്ടര്‍മാരുടെ ഒന്നാം നമ്പര്‍ ചോയ്‌സ്.
ഇപ്പോള്‍ ഹര്‍ഷിത് റാണയോട് കൂടുതല്‍ വേഗത്തില്‍ പന്തെറിയാന്‍ ആവശ്യപ്പെടുകയാണ് താരത്തിന്റെ പിതാവായ പ്രദീപ് റാണ. ഹര്‍ഷിത് 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയണമെന്നും അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
പ്രദീപ് റാണയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഞാന്‍ എല്ലായ്‌പ്പോഴും 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാനാണ് അവനെ വെല്ലുവിളിക്കാറുള്ളത്. എന്ന് നീ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്നോ, അന്ന് നിന്നെ ഒരു താരമായി അംഗീകരിക്കാം എന്നാണ് ഞാന്‍ അവനോട് പറയാറുള്ളത്.
നീ 150 കിലോമീറ്റര്‍ വേഗതയിലാണ് പന്തെറിയുന്നതെങ്കില്‍ ഇന്ത്യക്കായി കളിക്കുന്നതില്‍ നിന്നും നിന്നെ തടയാന്‍ ആര്‍ക്കും സാധിക്കില്ല, പക്ഷേ 125 കിലോമീറ്റര്‍ വേഗതയിലാണ് പന്തെറിയുന്നതെങ്കില്‍ ലോക്കല്‍ ക്ലബ്ബുകള്‍ പോലും ടീമിലെടുക്കില്ല,’ അദ്ദേഹം പറഞ്ഞു.
പെര്‍ത്തില്‍ നടന്ന തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാണ, രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ താരത്തിന് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ പോയി. ആദ്യ ഇന്നിങ്‌സില്‍ 16 ഓവര്‍ പന്തെറിഞ്ഞ് 86 റണ്‍സാണ് താരം വഴങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ റാണയ്ക്ക് പന്തെറിയേണ്ടതായും വന്നിരുന്നില്ല, അതിന് മുമ്പ് തന്നെ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു.
രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനടത്തിലെ രണ്ടാം ടെസ്റ്റിന് പിന്നാലെ ഇന്ത്യയുടെ പി.സി.ടി 57.29ലേക്ക് വീണപ്പോള്‍ ഓസ്‌ട്രേലിയ തങ്ങളുടെ പോയിന്റ് ശതമാനം 60.71 ആയി വര്‍ധിപ്പിച്ചു.
പരമ്പരയില്‍ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ മറ്റേത് ടീമിന്റെയും ജയപരാജയങ്ങളെ ആശ്രയിക്കാതെ ഫൈനലിലെത്താന്‍ ഇന്ത്യക്ക് സാധിക്കൂ.
Content Highlight: Border Gavaskar Trophy: Harshit Rana’s father challenges pacer to bowl at 150 kmph