ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരം ആര്‍. അശ്വിനെ ടീമിന്റെ ഭാഗമാക്കാത്തതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. അശ്വിനെ മാത്രമല്ല സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഇന്ത്യ പുറത്തിരുത്തിയിരുന്നു. പകരം സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറിനെയാണ് ഇന്ത്യ കളത്തിലിറക്കിയത്.
പെര്‍ത്തിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 33 റണ്‍സ് നേടിയ താരം രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലാണ് സുന്ദര്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. രണ്ടാം ടെസ്റ്റില്‍ 11 വിക്കറ്റുമായി തിളങ്ങിയ സുന്ദര്‍ അശ്വിനെക്കാളും ജഡേജയെക്കാളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇക്കാരണം കൂടി പരിഗണിച്ചാണ് ഇന്ത്യ പെര്‍ത്തില്‍ സുന്ദറിനെ കളത്തിലിറക്കിയത്.
ഇന്ത്യന്‍ ടീമിന്റെ ഈ സ്ട്രാറ്റജിയില്‍ പ്രതികരിക്കുകയാണ് ഭാജി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് തോന്നുന്നത് ഒരു ലോങ് ടേം പ്ലാനാണ് മാനേജ്‌മെന്റ് പരിഗണിക്കുന്നത് എന്നാണ്. ഇക്കാലമത്രയും വിക്കറ്റുകള്‍ വീഴ്ത്തി വളരെ മികച്ച പ്രകടനമാണ് അശ്വിന്‍ ഇന്ത്യക്കായി കാഴ്ചവെച്ചത്.
അശ്വിനിപ്പോള്‍ 38 വയസായി. ഇതുകാരണമാണ് അവന്‍ സുന്ദറിനെ ടീമിലുള്‍പ്പെടുത്തിയത്. അശ്വിന്‍ വിരമിക്കുമ്പോഴേക്കും സുന്ദറിനെ തയ്യാറാക്കിയെടുക്കാനാകും ടീമിന്റെ ശ്രമം. അവര്‍ക്കൊരു കൃത്യമായ പ്ലാന്‍ ഉണ്ടെന്നും അത് നടപ്പാക്കുകയുമാണെന്നാണ് എനിക്ക് തോന്നുന്നത്,’ ഹര്‍ഭജന്‍ പറഞ്ഞു.
അതേസമയം, അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വാഷിങ്ടണിന് പകരം ജഡേജയെ പ്ലെയിങ് ഇലവന്റെ ഭാഗമാക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ പ്ലെയിങ് ഇലവനില്‍ മാറ്റം വരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മടങ്ങിയെത്തുന്നതോടെ പ്ലെയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുണ്ടാകും. രോഹിത് ശര്‍മ കെ.എല്‍. രാഹുലിന് പകരം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നതോടെ ബാറ്റിങ് ഓര്‍ഡറിലും കാര്യമായ മാറ്റങ്ങളുണ്ടാകും. ശുഭ്മന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങും. പടിക്കലും ജുറെലും ടീമിലുണ്ടാകില്ല. രാഹുല്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യും. വാഷിങ്ടണ്‍ സുന്ദറിന് പകരം രവീന്ദ്ര ജഡേജ ടീമിലുണ്ടാകണം’ ഗവാസ്‌കര്‍ പറഞ്ഞു.
ഗവാസ്‌കര്‍ തെരഞ്ഞെടുത്ത അഡ്ലെയ്ഡ് ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും അഭാവത്തിലും ആദ്യ മത്സരത്തില്‍ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആദ്യ ടെസ്റ്റ് കളിക്കേണ്ടതില്ല എന്ന് തീരുമാനിച്ചപ്പോള്‍ പ്രാക്ടീസ് സെഷനിടെ പരിക്കേറ്റതാണ് ഗില്ലിന് തിരിച്ചടിയായത്.
എന്നാല്‍ രോഹിത്തിന് പകരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ജസ്പ്രീത് ബുംറ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ എവേ വിജയത്തിലേക്കാണ് നയിച്ചത്. 295 റണ്‍സിനാണ് ഇന്ത്യ ആദ്യ ടെസ്റ്റ് വിജയിച്ചുകയറിയത്. ഇതോടെ പെര്‍ത്തില്‍ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റ് തോല്‍വിയും കുറിക്കപ്പെട്ടു.
ആദ്യ മത്സരത്തിലെ വിജയം രണ്ടാം മത്സരത്തിലും ആവര്‍ത്തിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് അഡ്‌ലെയ്ഡ് ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content Highlight: Border Gavaskar Trophy: Harbhajan Singh about Washington Sundar