ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബോക്‌സിങ് ഡേ ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് പരമ്പരയിലെ നാലാം മത്സരത്തിന് വേദിയാകുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ മികച്ച രീതിയിലാണ് ഇന്നിങ്‌സ് ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍.
ഗാബ ടെസ്റ്റില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഓസീസ് ബോക്‌സിങ് ഡേ ടെസ്റ്റിനിറങ്ങിയത്. ആദ്യ മൂന്ന് മത്സരത്തിലും തിളങ്ങാന്‍ സാധിക്കാതെ പോയ ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിക്ക് പകരം യുവതാരം സാം കോണ്‍സ്റ്റസും സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിന്റെ ഭാഗമായി.
19കാരനായ കോണ്‍സ്റ്റസിന്റെ അരങ്ങേറ്റത്തിന് കൂടിയാണ് മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്.
അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസ്‌ട്രേലിയ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. നേരിട്ട 52ാം പന്തില്‍ അന്താരാഷ്ട്ര കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടിയ താരം 65 പന്തില്‍ 60 റണ്‍സുമായി പുറത്തായി.
ലോകത്തിലെ ഏറ്റവും മികച്ച ടീമായ ഇന്ത്യക്കെതിരെ അരങ്ങേറ്റ മത്സരം കളിക്കുന്നു, അതും ഓസ്‌ട്രേലിയക്കാരെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലായ ബോക്‌സിങ് ഡേയില്‍! ഇത്തരത്തില്‍ ഒരു സമ്മര്‍ദവുമില്ലാതെയാണ് താരം ബാറ്റ് വീശിയത്. എന്നാല്‍ ഇതിനേക്കാളേറെ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചത് ബുംറയ്‌ക്കെതിരെ കോണ്‍സ്റ്റസ് നേടിയ സിക്‌സറുകളാണ്.
മത്സരത്തിന്റെ ഏഴാം ഓവറിലെ സ്‌കൂപ്പ് ഷോട്ട് സിക്‌സര്‍ അടക്കം ബുംറയുടെ ഓവറില്‍ താരം അടിച്ചുനേടിയത് 14 റണ്‍സാണ്. 11ാം ഓവറിലും ബുംറയ്‌ക്കെതിരെ താരം സിക്‌സര്‍ നേടി. ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 15 റണ്‍സ്! 2021ന് ശേഷം ഇതാദ്യമായാണ് ബുംറ ടെസ്റ്റില്‍ സിക്‌സര്‍ വഴങ്ങുന്നത്.
ഇതോടെ മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഒരു എലീറ്റ് ലിസ്റ്റിലും താരം ഇടം നേടി. അന്താരാഷ്ട്ര റെഡ് ബോള്‍ ക്രിക്കറ്റില്‍ ബുംറയ്‌ക്കെതിരെ സിക്‌സര്‍ നേടുന്ന ഏഴാം താരം എന്ന നേട്ടമാണ് കോണ്‍സ്റ്റസ് നേടിയത്.
(താരം – ടീം – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – കേപ് ടൗണ്‍ – 2018
ആദില്‍ റഷീദ് – ഇംഗ്ലണ്ട് – നോട്ടിങ്ഹാം – 2018
മോയിന്‍ അലി – ഇംഗ്ലണ്ട് – സതാംപ്ടണ്‍ – 2018
ജോസ് ബട്‌ലര്‍ (x2) – ഇംഗ്ലണ്ട് – ഓവല്‍ – 2018
നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – മെല്‍ബണ്‍ – 2020
കാമറൂണ്‍ ഗ്രീന്‍ – ഓസ്‌ട്രേലിയ – സിഡ്‌നി – 2021
സാം കോണ്‍സ്റ്റസ് (x2) – ഓസ്‌ട്രേലിയ – മെല്‍ബണ്‍ – 2024*
ജോസ് ബട്‌ലറിന് ശേഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ ബുംറയ്‌ക്കെതിരെ ഒന്നിലധികം സിക്‌സര്‍ പറത്തുന്ന ആദ്യ താരമെന്ന നേട്ടവും ഈ അരങ്ങേറ്റക്കാരന്‍ സ്വന്തമാക്കി.
20ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകും മുമ്പ് തന്നെ കോണ്‍സ്റ്റസ് മെല്‍ബണ്‍ ക്രൗഡിന്റെ കയ്യടി നേടിയിരുന്നു. ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്.
അതേസമയം, കോണ്‍സ്റ്റസ് പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഓസീസ്. 17 പന്തില്‍ 38 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 12 പന്തില്‍ 12 റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.
ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.
യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
Content Highlight: Border Gavaskar Trophy, Boxing Day Test: Sam Konstas becomes 7th batter to hit Jasprit Bumrah for a six in test format