| Wednesday, 18th December 2024, 6:30 pm

ചരിത്ര ഹാട്രിക്കിന് വേണ്ടത് ഒരു വിജയം; ഇതുവരെ ഒരു ടീമിനും നേടാന്‍ സാധിക്കാത്തത്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരിക്കുകയാണ്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തുകയും ചെയ്തു. ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നാലാം മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

എല്ലാ വര്‍ഷവും ക്രിസ്തുമസ് ദിനത്തിന്റെ പിറ്റേ ദിവസമാണ് ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് ഇന്ത്യയിറങ്ങുന്നത്. എല്ലാ ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ക്കും മെല്‍ബണ്‍ തന്നെയാണ് വേദിയാകാറുള്ളത്.

ബോക്‌സിങ് ഡേ ടെസ്റ്റ് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മത്സരമായതിനാല്‍ തന്നെ കങ്കാരുക്കളെ സംബന്ധിച്ച് ഇത് അഭിമാനപ്പോരാട്ടവുമാണ്.

എന്നാല്‍ ഇത്തവണ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഒരു ചരിത്ര ഹാട്രിക്കിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിന് മുമ്പ് ബോക്‌സിങ് ഡേയില്‍ കളിച്ച രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യ ഇത്തവണയും വിജയിച്ച് ബോക്‌സിങ് ഡേ ഹാട്രിക്കാണ് ലക്ഷ്യമിടുന്നത്.

2020ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യ ഇതിന് മുമ്പ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയിച്ചത്. മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. നായകന്‍ അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

സ്‌കോര്‍

ഓസ്‌ട്രേലിയ: 195 & 200

ഇന്ത്യ: 326 & 70/2 (T: 70)

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 223 പന്തില്‍ നിന്നും 112 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ രഹാനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. ബോക്‌സിങ് ഡേ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ചിന് സമ്മാനിക്കുന്ന മുല്ലാഗ് മെഡലിന്റെ ചരിത്രത്തിലെ ആദ്യ അവകാശിയാകാനും ഇതോടെ രഹാനെക്കായി.

ഇതിന് മുമ്പ് ഇന്ത്യ 2018ല്‍ പര്യടനത്തിനെത്തിയപ്പോഴും ബോക്‌സിങ് ഡേ ടെസ്റ്റില്‍ കങ്കാരുക്കളുടെ കണ്ണുനീര്‍ വീണു. ഇത്തവണ ചേതേശ്വര്‍ പൂജാരയുടെ ചെറുത്തുനില്‍പ്പിലും ജസ്പ്രീത് ബുംറയുടെ പേസ് കരുത്തിലുമാണ് ഓസ്‌ട്രേലിയ പരാജയം രുചിച്ചത്.

സ്‌കോര്‍

ഇന്ത്യ: 443/7d & 106/8d

ഓസ്‌ട്രേലിയ: 151 & 261 (T339)

ആദ്യ ഇന്നിങ്‌സില്‍ പൂജാര സെഞ്ച്വറി നേടിയപ്പോള്‍ (319 പന്തില്‍ 106) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (204 പന്തില്‍ 82), മായങ്ക് അഗര്‍വാള്‍ (161 പന്തില്‍ 76) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ടീമിന് തുണയായി.

ആറ് വിക്കറ്റുമായി ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയുടെ നടുവൊടിച്ച ബുംറ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടി.

2010ന് ശേഷം ഓസ്‌ട്രേലിയ ആകെ പരാജയപ്പെട്ട രണ്ടേ രണ്ട് ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ ഇത് മാത്രമാണ്.

ബോക്‌സിങ് ഡേ ടെസ്റ്റും ഓസ്‌ട്രേലിയയും

1968ലാണ് ആദ്യ ബോക്‌സിങ് ഡേ ടെസ്റ്റ് അരങ്ങേറിയത്. വെസ്റ്റ് ഇന്‍ഡീസായിരുന്നു ഓസ്‌ട്രേലിയയുടെ എതിരാളികള്‍. മത്സരത്തില്‍ ഇന്നിങ്‌സിനും 30 റണ്‍സിനും ഓസ്‌ട്രേലിയ വിജയിച്ചുകയറി.

അന്നുതൊട്ട് ഇന്നുവരെ 43 ബോക്‌സിങ് ഡേ ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ 26 മത്സരത്തിലും കങ്കാരുക്കള്‍ വിജയിച്ചുകയറി. 60.47 ശതമാനമാണ് ബോക്‌സിങ് ഡേയില്‍ ഓസീസിന്റെ വിജയം. എട്ട് മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒമ്പത് മത്സരം സമനിലയിലും അവസാനിച്ചു.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിവിധ ടീമുകള്‍ക്കെതിരെ ഓസ്‌ട്രേലിയയുടെ പ്രകടനം

(എതിരാളികള്‍ – ആകെ മത്സരം – വിജയം – സമനില – തോല്‍വി – വിജയശതമാനം – ഒടുവില്‍ കളിച്ച മത്സരം എന്നീ ക്രമത്തില്‍)

ഇംഗ്ലണ്ട് – 11 – 5 – 2 – 4 – 45.45% – ബോക്‌സിങ് ഡേ 2021

ഇന്ത്യ – 9 – 5 – 2 – 2 – 55.56% ബോക്‌സിങ് ഡേ 2020

ന്യൂസിലാന്‍ഡ് – 3 – 1 – 2 – 0 – 33.33% – ബോക്‌സിങ് ഡേ 2019

പാകിസ്ഥാന്‍ – 5 – 4 – 1 – 0 – 80.00% – ബോക്‌സിങ് ഡേ 2023

സൗത്ത് ആഫ്രിക്ക – 6 – 3 – 2 – 1 – 50.00% – ബോക്‌സിങ് ഡേ 2022

ശ്രീലങ്ക – 2 – 2 – 0 – 0 – 100.00% – ബോക്‌സിങ് ഡേ 2012

വെസ്റ്റ് ഇന്‍ഡീസ് – 7 – 6 – 0 – 1 – 85.71% – ബോക്‌സിങ് ഡേ 2015

2018നും 2020നും ശേഷം മറ്റൊരു ബോക്‌സിങ് ഡേ ടെസ്റ്റിനാണ് ഇന്ത്യയൊരുങ്ങുന്നത്. വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. മെല്‍ബണില്‍ വിജയിച്ചാല്‍ അത് ഒരു ചരിത്രത്തിന്റെ പിറവിക്ക് കൂടിയാകും സാക്ഷ്യം വഹിക്കുക.

ഇതിന് മുമ്പ് ഇംഗ്ലണ്ടാണ് ഹാട്രിക് ബോക്‌സിങ് ഡേ വിജയത്തിന് അടുത്തെത്തിയത്. 1982ലും 1986ലും വിജയിച്ച ഇംഗ്ലണ്ട് ഹാട്രിക് ലക്ഷ്യമിട്ട് 1990ല്‍ വീണ്ടും ഓസ്‌ട്രേലിയയിലെത്തി. എന്നാല്‍ ആ മത്സരത്തില്‍ ആതിഥേയര്‍ ഒമ്പത് വിക്കറ്റിന് വിജയിച്ചു.

Content highlight: Border – Gavaskar Trophy: Boxing Day Test

We use cookies to give you the best possible experience. Learn more