ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ ദയനീയ പരാജയമേറ്റുവാങ്ങിയിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളി മറന്ന മത്സരത്തില്‍ ആതിഥേയര്‍ മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്താണ് പരമ്പരയില്‍ ഒപ്പമെത്തിയത്.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. യുവതാരം ഹര്‍ഷിത് റാണക്ക് തന്റെ കരിയറിലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ വിക്കറ്റ് നേടാനായില്ല, വിക്കറ്റ് നേടിയ സിറാജാകട്ടെ റണ്‍സ് വഴങ്ങുകയും ചെയ്തു. മികച്ച രീതിയില്‍ പന്തെറിഞ്ഞ ബുംറക്ക് പിന്തുണ നല്‍കാനും ആര്‍ക്കും സാധിക്കാതെ പോയി.
അഡ്‌ലെയ്ഡിലെ പിന്നാലെ സൂപ്പര്‍ താരം മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. നാലാം ടെസ്റ്റിനായി കാത്തിരിക്കരുതെന്നും ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ തന്നെ ഷമിയെ ടീമിന്റെ ഭാഗമാക്കണമെന്നുമാണ് ബാസിത് അലി ആവശ്യപ്പെടുന്നത്.
‘നാലാം ടെസ്റ്റ് മുതല്‍ മുഹമ്മദ് ഷമി ഇന്ത്യക്കായി കളിച്ചേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നാലാം ടെസ്റ്റ് മുതലാണ് കളിക്കുന്നതെങ്കില്‍ അത് ഇന്ത്യക്ക് ഒട്ടും ഗുണകരമാകില്ല. അവനെ ഇപ്പോള്‍ തന്നെ ടീമിന്റെ ഭാഗമാക്കൂ, ബ്രിസ്‌ബെയ്‌നില്‍ അവന്‍ കളിക്കട്ടെ.
മെല്‍ബണ്‍ ടെസ്റ്റിലേക്കാണ് നിങ്ങളവനെ കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇന്ത്യക്ക് ഇപ്പോഴാണ് ഷമിയെ ആവശ്യമുള്ളത്. നിങ്ങളുടെ പേസ് നിരയ്ക്ക് ഷമിയെ ആവശ്യമാണ്,’ ബാസിത് അലി പറഞ്ഞു.
ഷമിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെ സംസാരിച്ചിരുന്നു. ഷമിയുടെ കാല്‍മുട്ടില്‍ ചെറിയ നീര്‍ക്കെട്ടുണ്ടെന്നും പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുകയാണെങ്കില്‍ താരത്തിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നുമാണ് രോഹിത് പറഞ്ഞത്.
2023 ഏകദിന ലോകകപ്പിനിയെടാണ് മുഹമ്മദ് ഷമിക്ക് പരിക്കേറ്റത്. ഈ പരിക്കിന് പിന്നാലെ താരത്തിന് 2024 ഐ.പി.എല്ലും ടി-20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. ആരോഗ്യം വീണ്ടെടുത്ത താരം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാവുകയാണ്.
2024-25 രഞ്ജി ട്രോഫിയില്‍ ബംഗാളിനായി കളത്തിലിറങ്ങിയ താരം നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഭാഗമാണ്. ഏഴ് മത്സരത്തില്‍ നിന്നും എട്ട് വിക്കറ്റും താരം സ്വന്തമാക്കി.
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്ത് നിന്നും ഓസ്‌ട്രേലിയ ഒന്നാമതെത്തുകയും ചെയ്തു.
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനടത്തിലെ രണ്ടാം ടെസ്റ്റിന് പിന്നാലെ ഇന്ത്യയുടെ പി.സി.ടി 57.29ലേക്ക് വീണപ്പോള്‍ ഓസ്ട്രേലിയ തങ്ങളുടെ പോയിന്റ് ശതമാനം 60.71 ആയി വര്‍ധിപ്പിച്ചു.
പരമ്പരയില്‍ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ മറ്റേത് ടീമിന്റെയും ജയപരാജയങ്ങളെ ആശ്രയിക്കാതെ ഫൈനലിലെത്താന്‍ ഇന്ത്യക്ക് സാധിക്കൂ.
Content Highlight: Border Gavaskar Trophy: Basith Ali urges India to include Mohammed Shami in 3rd test